Entertainment
അവരാണ് നായികമാര്‍..അവര്‍ മാത്രമാണ് നായികമാര്‍
Entertainment

അവരാണ് നായികമാര്‍..അവര്‍ മാത്രമാണ് നായികമാര്‍

ജെയ്സി തോമസ്
|
28 Jun 2018 8:06 AM GMT

തങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചോര്‍ക്കാതെ അവര്‍ അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു

ഒന്നിനും ഒരു കാര്യത്തിനും ഒരുമിച്ച് നില്‍ക്കുവന്നവരല്ല സിനിമാക്കാര്‍. പ്രത്യേകിച്ചും മലയാള സിനിമയിലെ താരങ്ങള്‍. ഒരാള്‍ക്ക് ഒരു പ്രശ്നം വന്നാല്‍ തന്റെ അവസരം നഷ്ടമാകുമോ എന്ന ഭയം മൂലമോ എന്തോ മറഞ്ഞിരുന്ന് ആഹ്ലാദിക്കുന്നവരാണ് പലരും. അതില്‍ കുറച്ചു പേര്‍ മാത്രം പ്രതികരിക്കുന്നു. കൂടുതല്‍ പേരും മിണ്ടാതിരിക്കുന്നു. സിനിമയില്‍ അങ്ങിനെയാണ് അവസരങ്ങളുണ്ടെങ്കില്‍ മാത്രമേ വിലയുള്ളൂ, അല്ലാത്തവര്‍ക്ക് പുല്ലുവിലയാണ്.

താരസംഘടനയായ അമ്മയെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഭിനയ കലയുടെ പെരുന്തച്ചനായ തിലകനെ വിലക്കിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ അന്തപുരം കടന്ന് പുറത്തേക്കെത്തിയതെന്ന് മാത്രം. 2010ല്‍ തിലകനെ വിലക്കിയ 2012ല്‍ അദ്ദേഹം മരിക്കുന്നത് വരെയും ആ വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. ദിലീപിനെ പോലെ സംഘടനയെ ചാടിക്കളിപ്പിക്കാന്‍ പറ്റിയ ആളായിരുന്നില്ല തിലകന്‍. അച്ചടക്കമില്ലായ്മ ആയിരുന്നു തിലകന് എതിരെ അമ്മ ചുമത്തിയ കുറ്റം. മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം തിലകനെ ഒഴിവാക്കുകയായിരുന്നു. ഫെഫ്കയോട് വഴക്കിട്ട് പുറത്തായ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലായിരുന്നു അത്. ഫെഫ്കയുടെ ഇടപെടലായിരുന്നു പിന്നില്‍. അവസാന കാലത്ത് അഭിനയിച്ച ഇന്ത്യന്‍ റുപ്പിയില്‍ നിന്നും ഉസ്താദ് ഹോട്ടലില്‍ നിന്നും ഒഴിവാക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് രഞ്ജിത്തും അന്‍വര്‍ റഷീദും തങ്ങളുടെ ചിത്രങ്ങളില്‍ ആ അതുല്യ കലാകാരനെ അഭിനയിപ്പിച്ചത്. അമ്മയുടെ വിലക്കാണ് ഒരു പരിധി വരെ തിലകനെ മരണത്തിലേക്ക് നയിച്ചതെന്ന് മകള്‍ സോണിയ ആരോപിച്ചിരുന്നു.

ഈ സമയത്ത് തിലകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയിരുന്നു. തിലകനെ വിലക്കിയതിന് പിന്നിലും ദിലീപിനും പങ്കുണ്ടായിരുന്നുവെന്നാണ് പിന്നീടുണ്ടായ വെളിപ്പെടുത്തല്‍. ആക്രമിക്കപ്പെട്ട നടിയുടെ കാര്യമെടുത്താല്‍ ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുവെന്ന് വ്യക്തമാക്കി അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ആ നടിക്ക് അവസരങ്ങള്‍ കുറയുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യരും പ്രസ്തുത നടന്റെ കണ്ണിലെ കരടായിരുന്നു. മഞ്ജുവിനെ ഒതുക്കാന്‍ പലതരത്തില്‍ ശ്രമങ്ങളുണ്ടായിട്ടും അവസരങ്ങള്‍ അവരെ തേടിവന്നതേയുള്ളൂ.

ഒരു കാര്യത്തിലും ഒരുമിച്ച് നില്‍ക്കാത്ത അമ്മയിലെ സിനിമാക്കാര്‍ ഈ അടുത്ത് കാലത്ത് ഒറ്റക്കെട്ടായി നിന്ന സംഭവമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരം. അവിടെയും ഗാനഗന്ധര്‍വ്വനും സംവിധായകന്‍ ജയരാജും കുലംകുത്തികളായെങ്കിലും മറ്റുള്ളവരെല്ലാം കട്ടയ്ക്ക് നിന്നു. ഈയിടെ നടി പാര്‍വ്വതിക്കെതിരായി ഉണ്ടായ സൈബര്‍ ആക്രമണങ്ങളിലും ആരും എവിടെയും ശബ്ദമുയര്‍ത്തിയതായി കണ്ടില്ല. ബോധവും അഭിപ്രായം പ്രകടിപ്പിക്കാനും തന്റേടവുമുള്ള ചുരുക്കം ചില നടിമാരല്ലാതെ. മലയാളത്തിലെ മെഗാതാരത്തിനെതിരെ പറഞ്ഞതായിരുന്ന സൈബര്‍ ഫാന്‍സ് ഗുണ്ടകളെ ചൊടിപ്പിച്ചത്. ഒരു ഇരയെ കിട്ടിയാലെന്ന പോലെ അവര്‍ പാര്‍വ്വതിയെ ആക്രമിക്കുകയായിരുന്നു. അവസാനം ഈ വിഷയത്തില്‍ മമ്മൂട്ടി രംഗത്ത് വന്നുവെങ്കിലും ആരാധകരുടെ കലിയടങ്ങിയില്ല. പാര്‍വ്വതിയുടെ റിലീസ് ചെയ്യാനിരിക്കുന്ന മൈ സ്റ്റോറിയുടെ വിശേഷങ്ങള്‍ വരുമ്പോള്‍ വീണ്ടും ആക്രമണവുമായി രംഗത്ത് വന്നു.

പല താരങ്ങളുടെയും ഫാന്‍സുകാരെപ്പോലെ തന്നെയാണ് മിക്ക നടീനടന്‍മാരുമെന്ന് പരസ്യമായ രഹസ്യമാണ്. അവള്‍, അവന്‍ കാരണം തന്റെ അവസരം നഷ്ടമാകുമെന്ന് ഭയക്കുന്നവര്‍. അവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് കഴിഞ്ഞ ദിവസം അമ്മയില്‍ നിന്നും രാജി വച്ച നാല് നടിമാര്‍. മികച്ച നടിമാരാണ് തങ്ങളെന്ന പല വട്ടം തെളിയിച്ചവരാണ് ഇവര്‍. തങ്ങളുടെ കൂട്ടത്തിലൊരാള്‍ക്ക് തട്ട്കേട് പറ്റിയപ്പോള്‍ ചേര്‍ത്തുപിടിച്ചു, കൂടെ നിന്നു ആശ്വസിപ്പിച്ചു, തങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചോര്‍ക്കാതെ അവര്‍ അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവരുടെ രാജിക്കാര്യം പുറത്തുവന്നപ്പോള്‍ ചില നടീനടന്‍മാര്‍ പറഞ്ഞത്. എന്തുകൊണ്ട് ഇത് സംഘടനയില്‍ പറഞ്ഞില്ല എന്നാണ്. ഇത്രയേറെ ഉച്ചത്തില്‍ സംസാരിച്ചിട്ടും കേള്‍ക്കാത്ത സംഘടനയിലെ പൊട്ടന്‍മാരില്‍ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടുക മാത്രമാണ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രമായിരുന്നു ഇളയദളപതിയുടെ മെഴ്സല്‍. ഒത്തിരിയേറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച സിനിമ. യുവസംവിധായകന്‍ അറ്റ്‍ലി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നോട്ട് നിരോധത്തെയും ജി.എസ്.ടിയെയും കുറിച്ച് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പരാമര്‍ശിക്കുന്നുണ്ട്. ഇതായിരുന്നു വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. ബി.ജെ.പിയായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പക്ഷേ ഈ വിവാദങ്ങളെയെല്ലാം തമിഴ് സിനിമാ ലോകം പുച്ഛിച്ചു തള്ളി. രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരടക്കമുള്ള സീനീയര്‍ താരങ്ങള്‍ വിജയിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തു. ഇത് കേരളത്തിലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ഒരു ചുക്കും സംഭവിക്കില്ല. ഒരു പക്ഷേ വിവാദങ്ങളുടെ പേരില്‍ ആ സിനിമ കാണാന്‍ ആള് കയറുമെങ്കിലും ആ താരത്തിന്റേത് ഒരു ഒറ്റയാള്‍ പോരാട്ടമായിരിക്കുമെന്ന് മാത്രം.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രതികരണങ്ങള്‍ക്കുമുണ്ട് വിവേചനം. സ്വന്തം ദേഹത്ത് ചെളി പറ്റാത്ത വിധത്തിലുള്ള പ്രതികരണം വേണം നടത്താന്‍, അല്ലെങ്കില്‍ തങ്ങളുടെ അന്നം മുട്ടുമെന്ന് പലര്‍ക്കുമറിയാം. രാജി വച്ച നടിമാര്‍ക്ക് പിന്തുണയുമായി സിനിമാ ലോകത്ത് നിന്നും പ്രമുഖരാരും എത്തിയിട്ടില്ല, സാംസ്കാരിക രംഗത്തുള്ളവരും സാധാരണക്കാരുമല്ലാതെ. പിന്നെ സംവിധായകന്‍ വിനയനെപ്പോലെയും ഡോ.ബിജുവിനെപ്പോലുമുള്ള ചില വിമതരുമല്ലാതെ. ഇനി ഈ വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും കൂടുതല്‍ രാജി പ്രതീക്ഷിക്കേണ്ടതുമില്ല.

Similar Posts