Entertainment
ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്; അമ്മക്കെതിരെ കന്നഡ താരങ്ങളും
Entertainment

ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്; അമ്മക്കെതിരെ കന്നഡ താരങ്ങളും

Web Desk
|
1 July 2018 12:02 PM GMT

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കന്നഡ ചലച്ചിത്ര മേഖലയും. കെ.എഫ്.ഐ, ഫയര്‍ തുടങ്ങിയ ചലച്ചിത്ര സംഘടനകളും താരങ്ങളുമാണ് അമ്മക്കെതിരെ രംഗത്തുവന്നത് 

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കന്നഡ ചലച്ചിത്ര മേഖലയും. കന്നഡ ഫിലിം ഇന്‍ഡസ്ട്രി(കെ.എഫ്.ഐ), ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്റ് ഇക്വാളിറ്റി (ഫയര്‍) തുടങ്ങിയ ചലച്ചിത്ര സംഘടനകളും താരങ്ങളുമാണ് അമ്മക്കെതിരെ രംഗത്തുവന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം അനുചിതമാണെന്നും അപലപിക്കുന്നതായും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ഈ സംഘടനകള്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി.

അമ്മയുടെ നടപടിയില്‍ അതിയായ നിരാശയുണ്ട്. കുറ്റാരോപണങ്ങളില്‍ നിന്ന് വിമുക്തനാകും വരെ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി റദ്ദാക്കണമെന്നും കെ.എഫ്.ഐയും ഫയറും നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ചലച്ചിത്ര മേഖലയുടെ സല്‍പ്പേര് നിലനിര്‍ത്താന്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചലച്ചിത്ര താരങ്ങളായ ചേതന്‍, ശ്രുതി ഹരിഹരന്‍, ശ്രദ്ധ ശ്രീനാഥ്, ദിഗന്ധ്, മേഘന, രക്ഷിത് ഷെട്ടി, പ്രകാശ് രാജ്, കവിത ലങ്കേഷ്, രൂപ അയ്യര്‍, പന്നഗ ഭരണ തുടങ്ങിയ 50 ഓളം പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റവാളികളല്ല എന്നത് ഭരണഘടന അനുശാസിക്കുന്നതാണെങ്കിലും ഇരയും കുറ്റാരോപിതനും ഒരേ സംഘടനയില്‍ ഉള്‍പ്പെട്ടവരായതു കൊണ്ട് തന്നെ കുറ്റവിമുക്തനാക്കപ്പെടുന്നതു വരെ ദിലീപിനെ പുറത്തുനിര്‍ത്തുന്നത് തന്നെയാണ് ഉചിതമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ''ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചിച്ചെടുത്തതാണെന്ന് വിശ്വസിക്കുന്നില്ല. ഇത് ചലച്ചിത്ര മേഖലക്ക് ശുഭകരമല്ല. അത്ര നല്ല രീതിയിലായിരിക്കില്ല ഇത് പ്രതിഫലിക്കുക. ദിലീപിന്റെ നിരപരാധിത്വം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ദിലീപിനെ കുറ്റവാളിയായോ നിരപരാധിയായോ വിധിക്കുകയല്ല ഞങ്ങള്‍. അതൊക്കെ കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അമ്മയുടെ തീരുമാനം അനുചിതമാണ് - കന്നഡ നടന്‍ ചേതന്‍ പറഞ്ഞു.

Similar Posts