ചര്‍ച്ചക്ക് തയ്യാര്‍; അമ്മ രേവതിക്ക് കത്തയച്ചു
|ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടി രേവതിക്ക് കത്തയച്ചു
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിമാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് താരസംഘടനയായ അമ്മ. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടി രേവതിക്ക് കത്തയച്ചു. നടിമാര്‍ക്ക് സൌകര്യമുള്ള ദിവസം ചര്‍ച്ച നടത്തുമെന്ന് ഇടവേള ബാബു മീഡിയവണിനോട് പറഞ്ഞു.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതും തുടര്‍ന്ന് നാല് നടിമാര്‍ രാജിവെച്ചതും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരാണ് അമ്മക്ക് കത്തയച്ചത്. വിഷയത്തില്‍ അമ്മയുടെ യഥാര്‍ഥ നിലപാട് അറിയുന്നതിന് വേണ്ടി ഈ മാസം 13നോ 14 നോ യോഗം വിളിക്കണമെന്നായിരുന്നു ഡബ്ല്യുസിസിയുടെ ആവശ്യം. സിനിമാപ്രവര്‍ത്തരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും സമ്മര്‍ദമുയര്‍ന്നതോടെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്നാണ് നടിമാര്‍ക്ക് സൌകര്യമുള്ള ദിവസം ചര്‍ച്ചയാകാമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു രേവതിക്ക് രേഖാമൂലം മറുപടി നല്‍കിയത്.
ലണ്ടനിലെ ഷൂട്ടിങ് കഴിഞ്ഞ് മോഹന്‍ലാല്‍ നാട്ടിലെത്തിയ ശേഷം ഈ മാസം അവസാനത്തോടെ ചര്‍ച്ച നടന്നേക്കും. അതേസമയം അമ്മയെ വിമര്‍ശിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് ഇടവേള ബാബു മറുപടി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന് ചേര്‍ന്ന അഭിപ്രായമല്ല കമലിന്റേതെന്നും കുറച്ചുകടി മാന്യത ആകാമെന്നും ഇടവേള ബാബു ഫേസ് ബുക്കില്‍ കുറിച്ചു.