‘ധോണി ചിത്രത്തിന്’ രണ്ടാം ഭാഗം വരുന്നു
|2016ലെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയുടെ ബയോപിക് എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി.
2016ലെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ബയോപിക്, എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി. സുശാന്ത് സിങ് രാജ്പുത് ആയിരുന്നു ധോണിയെ സ്‌ക്രീനില്‍ അവതരിപ്പിച്ചത്. സുശാന്തിന്റെ തന്നെ കരിയറിലെ ഇതുവരെയുള്ള മികച്ച ഹിറ്റുകളിലൊന്നാവാനും ആ ചിത്രത്തിന് കഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തിന് ഇപ്പോള്‍ രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോണി സ്‌ക്രീവാലയുടെ ആര്‍.എസ്.വി.പി ഫിലിം പ്രൊഡക്ഷനാണ് നിര്‍മ്മാണം. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമുള്ള ധോണിയുടെ കഥയാകും ചിത്രം പറയുക. ആദ്യ ഭാഗം ധോണിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പ് നേടുന്നത് വരെയാണ് പറയുന്നത്. 2015 ലോകകപ്പില്‍ ഇന്ത്യയുടെ സെമി വരെയുള്ള മുന്നേറ്റം, രാജി, അച്ഛനായുള്ള ധോണി എന്നിവയൊക്കെയായിരിക്കും രണ്ടാം ഭാഗത്തില്‍ പറയുക എന്നാണ് സുശാന്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷമാകും ഷൂട്ടിങ് ആരംഭിക്കുക. ഇപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ പണിപ്പുരയിലാണ്. അതേസമയം സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
നീരജ് പാണ്ഡെയായിരുന്നു ആദ്യ ഭാഗത്തിന്റെ സംവിധായകന്‍. ഇദ്ദേഹം തന്നെയാണോ രണ്ടാം ഭാഗം ചെയ്യുക എന്ന് ഉറപ്പായിട്ടില്ല. ബോളിവുഡിലിപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രം വന്‍ കളക്ഷനുമായി മുന്നേറുകയാണ്. ഒരു പിടി ബയോപിക്കുകള്‍ ഇപ്പോള്‍ പണിപ്പുരയിലുണ്ട് താനും.