Entertainment
ആ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ ദുഃഖമുണ്ട്, ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നു: രഞ്ജി പണിക്കര്‍ 
Entertainment

ആ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ ദുഃഖമുണ്ട്, ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നു: രഞ്ജി പണിക്കര്‍ 

Web Desk
|
5 July 2018 6:57 AM GMT

കിംഗിലെ മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ പറയുമ്പോള്‍ പ്രേക്ഷകരുടെ കയ്യടിയെക്കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്

മുന്‍പെഴുതിയിട്ടുള്ള സ്ത്രീവിരുദ്ധ, ജാതി സംഭാഷണങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ ദുഃഖിക്കുന്നുവെന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ദ കിംഗ് എന്ന ചിത്രത്തിന് വേണ്ടി 'നീ വെറും പെണ്ണാണ്' എന്നൊക്കെയുള്ള ഡയലോഗുകളില്‍ ദുഃഖമുണ്ട്. ഒരിക്കലും അങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് അന്ന് അതൊക്കെ എഴുതിയത്. കിംഗിലെ മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ പറയുമ്പോള്‍ പ്രേക്ഷകരുടെ കയ്യടിയെക്കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്.അതില്‍ ഖേദമുണ്ട്. ഇന്ന് സിനിമയ്ക്ക് സംഭാഷണം എഴുതിയാല്‍ ആ ഭാഷ ഉപയോഗിക്കില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീക്ക് അത്തരം സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരെ അപമാനിച്ചതായി തോന്നുന്നുവെങ്കില്‍ അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണ്. വളരെ വൈകിയാണ് അത് തിരിച്ചറിഞ്ഞത്. കരുതിക്കൂട്ടി അങ്ങനെ സംഭാഷണങ്ങള്‍ തിരുകി കയറ്റിയതല്ലായിരുന്നു. അന്ന് അത്തരം സംഭാഷണങ്ങള്‍ കേട്ട് കയ്യടിച്ചവര്‍ക്ക് പോലും പിന്നീടാണ് അതിലെ ശരികേട് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

ചെമ്മാനെന്നും ചെരുപ്പുകുത്തിയെന്നും അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ താന്‍ ഉപയോഗിച്ചിരുന്നു. അത് ആളുകളെ വേദനിപ്പിക്കും എന്നൊക്കെ പിന്നീടാണ് മനസിലായത്. ആ വാക്കുകള്‍ ഇപ്പോള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ജാതിയുടെയോ ലിംഗത്തിന്റെ മറ്റൊന്നിന്റെയും തരത്തിലുള്ള വിവേചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ ഇപ്പോഴുള്ള അവസ്ഥ ദൌര്‍ഭാഗ്യകരമാണ്. ദുര്‍വ്യാഖാനത്തിന്റെയും തെറ്റിദ്ധാരണയുടെയും ഫലമായിട്ടാണ് അത് സംഭവിച്ചതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പ്രത്യേക അജണ്ട ചില സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് തോന്നിയിട്ടില്ല. ലേലത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ജോലിയിലാണ് താനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ആഗസ്തിലോ, സെപ്തംബറിലോ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts