സംഗീതാസ്വാദകരുടെ മനം കവർന്ന് കോക്ക് സ്റ്റുഡിയോ എക്സ്പ്ലോറർ
|അറിയപ്പെടാത്ത ഗായകരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമ്മാതാക്കളായ അലി ഹംസയും സൊഹൈബ് ഖാസിയും പരിപാടിക്ക് തുടക്കമിട്ടത്
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കോക്ക് സ്റ്റുഡിയോ എക്സ്പ്ലോറർ. പതിനൊന്നാം സീസണിന്റെ ഭാഗമായാണ് കോക്ക് സ്റ്റുഡിയോ എക്സ്പ്ലോറർ 2018 എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. അറിയപ്പെടാത്ത ഗായകരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമ്മാതാക്കളായ അലി ഹംസയും സൊഹൈബ് ഖാസിയും പരിപാടിക്ക് തുടക്കമിട്ടത്.
സീസണിലെ ആദ്യ ഗാനമായ പാരീക് മികച്ച പ്രതികരണമാണുണ്ടാക്കിയത്. ഖൈബർ പഷ്ടൂൺക പ്രവിശ്യയിലെ കാലാഷ് എന്ന സ്ഥലത്തു വെച്ചാണ് പാരീക് ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തോടൊപ്പം കാലാഷിലെ മനോഹരമായ ഭൂപ്രകൃതിയും പാരീക് ദൃശ്യവൽക്കരിക്കുന്നു. പരീക്കയെ തുടർന്ന് റിലീസ് ചെയ്ത ഫകീറയും നസീബായും സംഗീതാസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങി. ഗായകരെ സ്റുഡിയോയിലേക്ക് വിളിച്ചു പാടാൻ അവസരം നൽകുന്നതിന് പകരം അവരുടെ ഗ്രാമങ്ങളിൽ പോയി റെക്കോർഡ് ചെയ്യുക എന്നതാണ് കോക്ക് സ്റ്റുഡിയോ എക്സ്പ്ലോററിന്റെ പ്രധാന സവിശേഷത എന്നതാണ് നിർമ്മാതാവ് അലി ഹംസയുടെ പക്ഷം. പാകിസ്താനിലെ ഗ്രാമങ്ങളുടെ സംസ്കാരവും കലയും മനോഹരമായി ഫ്രെയിമുകളിൽ ചിത്രീകരിക്കുന്നു കോക്ക് സ്റ്റുഡിയോ എക്സ്പ്ലോറർ.