നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അറസ്റ്റിന് ഇന്ന് ഒരു വര്‍ഷം
|കഴിഞ്ഞ വര്‍ഷം ഫെബ്രൂവരി 17 നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേസ് വിചാരണയിലേക്ക് കടക്കാനുള്ള അന്തിമ നടപടികളിലാണ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിന് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനാണ് കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേസ് വിചാരണയിലേക്ക് കടക്കാനുള്ള അന്തിമ നടപടികളിലാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രൂവരി 17 നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23-ന് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി പിടിയിലായി. പിന്നാലെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെല്ലാം പൊലീസ് പിടിയിലായി. ആക്രമണം ക്വട്ടേഷനായിരുന്നുവെന്ന മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഗൂഡാലോചന നടത്തിയവരിലേക്ക് തിരിഞ്ഞു. ജൂണ്‍ 28-ന് നടന് ദീലീപിനെയും സംവിധായകന് നാദിര്‍ഷയെയും പ്രത്യേക അന്വേഷണ സംഘം 13 മണിക്കൂര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ജൂലൈ പത്തിന് കേസില്‍ വഴിത്തിരിവായി നടന് ദീലീപ് അറസ്റ്റ്.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് കണ്ടെത്തി. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് താരസംഘടനയില്‍ വന്‍ പൊട്ടിത്തെറി. സംഘടന പിളര്‍പ്പിന്റെ വക്കോളമെത്തിയതോടെ ദിലീപ് സംഘടനയ്ക്ക് പുറത്തായി. 85 ദിവസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ദീലീപ് ജാമ്യത്തിലിറങ്ങി. ഇതിനിടെ ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടിമാര്‍ വിമന്‍ ഇന്‍ സിനമാ കളക്ടീവെന്ന പേരില്‍ സംഘടന രൂപീകരിച്ചു.
വിവാദങ്ങള്‍ താരസംഘടനയായ അമ്മയെ പിടിച്ചുകുലുക്കി. അമ്മ സംഘടന ഇരയെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നു. ഇതിനിടെ കേസിലെ അനുബന്ധ കുറ്റപത്രം കോടതിയിലെത്തി. 8ആം പ്രതിയായ ദിലീപ് അടക്കം 12 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഗൂഡാലോചനയും ബലാത്സംഗക്കുറ്റവുമടക്കം ചുമത്തിയാണ് 650 പേജുള്ള അധിക കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ വിചാരണ വൈകാതെ എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ഏറ്റവുമൊടുവില്‍ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കവും വിവാദത്തിലായി. ഒഠുവില്‍ ദീലീപ് തന്നെ പിന്മാറുകയും വിഷയത്തില്‍ ദിലീപിനെ പൂര്‍ണമായും തള്ളാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു.