Entertainment
സാങ്കേതികവിദ്യയല്ല, കഥയാണ് സിനിമയുടെ കരുത്ത്; നീരാളിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ പറയുന്നു..
Entertainment

സാങ്കേതികവിദ്യയല്ല, കഥയാണ് സിനിമയുടെ കരുത്ത്; നീരാളിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ പറയുന്നു..

സിതാര ശ്രീലയം
|
12 July 2018 5:02 PM GMT

പുതിയ ഉപകരണങ്ങള്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ക്രിയേറ്റീവായ മനസ്സാണ് സിനിമയെ മുന്നോട്ടുനയിക്കുന്നതെന്ന് സന്തോഷ് തുണ്ടിയില്‍

ഛായാഗ്രഹണത്തില്‍ ബോളിവുഡില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയ സന്തോഷ് തുണ്ടിയില്‍ ആണ് അജോയ് വര്‍മ സംവിധാനം ചെയ്ത നീരാളിക്കായി ക്യാമറ ചലിപ്പിച്ചത്. കുച്ച് കുച്ച് ഹോത്താ ഹേ, ക്രിഷ്, റൗഡി റാത്തോഡ്, ജെയ് ഹോ, റുസ്തം തുടങ്ങി നിരവധി സിനിമകള്‍ക്കായി ദൃശ്യവിസ്മയം തീര്‍ത്ത ഛായാഗ്രാഹകനാണ് സന്തോഷ്. പ്രണയവര്‍ണങ്ങള്‍, ദേവദൂതന്‍, പളുങ്ക്, ആകാശഗോപുരം എന്നിങ്ങനെ മലയാള സിനിമകള്‍ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയല്ല, കഥയാണ് സിനിമയുടെ ഏറ്റവും വലിയ കരുത്തെന്ന് വിശ്വസിക്കുന്ന സന്തോഷ് തുണ്ടിയില്‍ സിനിമയെയും ഛായാഗ്രഹണത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മീഡിയവണിനോട് പങ്കുവെയ്ക്കുന്നു..

സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മലയാള സിനിമ പിന്നിലാണോ? മലയാളത്തിലും മറ്റ് ഭാഷകളിലും ഛായാഗ്രഹണം ചെയ്ത ആളെന്ന നിലയില്‍ എന്താണ് പറയാനുള്ളത്?

സിനിമയുടെ ബജറ്റ് കുറയുമ്പോള്‍ കൂടുതല്‍ സര്‍ഗാത്മകമാവുകയാണ് ചെയ്യുക. വലിയ, പുതിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ക്രിയാത്മകമായ മനസ്സാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. സിനിമയില്‍ ഏറ്റവും പ്രധാനം കഥയാണ്. നല്ല കഥയുണ്ടെങ്കില്‍ പരിമിതമായ സൌകര്യങ്ങള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യാന്‍ പറ്റും. ചുരുക്കിപ്പറഞ്ഞാല്‍ ക്യാമറയില്ലാതെ ഷൂട്ട് ചെയ്യാന്‍ പറ്റിയാല്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരിക്കും. ഞാന്‍ ഉദ്ദേശിക്കുന്നത് കുറഞ്ഞ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ്. കഥയേക്കാള്‍, വലുതല്ല സാങ്കേതികവിദ്യ. സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

ഹോളിവുഡിലെ പ്രഗല്‍ഭരായ, ഓസ്കര്‍ ജേതാക്കളായ ഛായാഗ്രാഹകരുടെ കീഴില്‍ പരിശീലനം നേടാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ അനുഭവത്തെ കുറിച്ച്..

ഗാന്ധി സിനിമയുടെ സിനിമറ്റോഗ്രാഫര്‍ ബില്ലി വില്യംസില്‍ നിന്നും ജുറാസിക് പാര്‍ക്കിന്റെ സിനിമറ്റോഗ്രാഫര്‍ ഡീൻ കണ്ടേയില്‍ നിന്നും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തീര്‍ത്തും പുതുമയുള്ളതും വ്യത്യസ്തവുമായ അനുഭവമായിരുന്നു അത്. ഗോവിന്ദ് നിഹലാനി, ബിനോദ് പ്രധാന്‍, വേണു തുടങ്ങിയവരുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതും സ്വയം നവീകരിക്കാന്‍ സഹായകമായി.

നീരാളിയെ കുറിച്ച്..

നീരാളി വ്യത്യസ്തമായ ഒരു സിനിമയാണ്. സാങ്കേതികമായും ഏറെ പുതുമകളുണ്ട്. സാധാരണ ശൈലിയില്‍ നിന്നും വ്യത്യസ്തമായി പലതും ചെയ്യാന്‍ പറ്റി. പിന്നെ മോഹന്‍ലാലിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് നല്ല അനുഭവമാണ്. കുറേക്കാലത്തിന് ശേഷമാണ് മോഹന്‍ലാലിന്റെ കൂടെ ജോലി ചെയ്യുന്നത്. ബോംബെ, മഹാരാഷ്ട്ര, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. നീരാളി തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുക തന്നെ ചെയ്യും.

എങ്ങനെയാണ് നീരാളിയിലെത്തിയത്?

നീരാളിയുടെ സംവിധായകന്‍ അജോയ് വര്‍മയെ നേരിയ പരിചയമുണ്ടായിരുന്നു. അജോയ് സംവിധായകനാവുന്നതിന് മുന്‍പ് ചിത്രസംയോജകന്‍ കൂടിയാണ്. സര്‍ഫറോഷിന്റെ സംവിധായകന്‍ ജോണ്‍ മാത്യുവിനൊപ്പം ഞാന്‍ ചില പരസ്യ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. അജോയ് ആണ് ആ പരസ്യചിത്രങ്ങള്‍ എഡിറ്റ് ചെയ്തത്. അങ്ങനെയാണ് പരിചയപ്പെട്ടത്.

പുതിയ പ്രൊജക്റ്റുകള്‍..

ബോളിവുഡിലാണ് കൂടുതലും ചെയ്തിട്ടുള്ളത്. പക്ഷേ മലയാളത്തില്‍ നല്ല പ്രൊജക്റ്റുകള്‍ വന്നാല്‍ ഇനിയും ചെയ്യും. തെലുങ്കില്‍ ഒരു സിനിമയ്ക്കാണ് പുതിയതായി ക്യാമറ ചെയ്യുന്നത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായിരുന്ന എന്‍ ടി രാമറാവുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്.

Similar Posts