സംഘടനയിലുള്ള സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് കാര്‍ത്തി
|തന്റെ പുതിയ ചിത്രമായ കാടൈയ്കുട്ടി സിംഗത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു കാര്‍ത്തി
എന്തു സംഭവിച്ചാലും ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം തന്നെയായിരിക്കും താനും നടികര്‍ സംഘവും നില്‍ക്കുകയെന്ന് തമിഴ് നടന് കാര്‍ത്തി. തമിഴ് നടികര്‍ സംഘത്തിലെ അംഗം കൂടിയായ നടിയ്ക്കു ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് നടികര്‍ സംഘത്തിന്റെ ട്രഷറര്‍ കൂടിയായ കാര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ കാടൈയ്കുട്ടി സിംഗത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു കാര്‍ത്തി.
തന്നോടൊപ്പമുള്ള സ്ത്രീകളെ സംരക്ഷിക്കുക എന്നത് ഏതൊരു പുരുഷന്റെ കടമയാണ്. സിനിമരംഗത്തു മാത്രമല്ല വീട്ടിലും സമൂഹത്തിലും പുരുഷനു സ്ത്രീയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സ്ത്രീകള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ സാധിക്കും. മറ്റുള്ളവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പുരുഷനുമുണ്ട്.’ കാര്‍ത്തി പറഞ്ഞു. എന്നാല്‍ അവരുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. അവര്‍ക്കു എന്തെങ്കിലും പിന്തുണ ആവശ്യമുണ്ടെങ്കില്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച സംഭവം നടന്ന ഉടന്‍ തന്നെ നടികര്‍ സംഘം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും കാര്‍ത്തി അറിയിച്ചു.
മലയാള സിനിമകള്‍ കാണാന്‍ സമയം കണ്ടെത്താറുണ്ടെന്ന് പറഞ്ഞ അദ്ദേഹം നയന്‍താര, മീര ജാസ്മിന്, അസിന് എന്നിവര്‍ വളരെ കഴിവുള്ള നടിമാരാണെന്നും പറഞ്ഞു.