ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ നന്ദിനി വീണ്ടും മലയാളത്തിലേക്ക്
|നവാഗതനായ ബി. സി നൗഫലാണ് ചിത്രത്തിന്റെ സംവിധാനം
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ നന്ദിനി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ചിത്രത്തില്‍ ഒരു കോളേജ് അധ്യാപികയുടെ വേഷമാണ് താരത്തിന്റേത്. നവാഗതനായ ബി. സി നൗഫലാണ് ചിത്രത്തിന്റെ സംവിധാനം.
വിഷ്ണു ഉണ്ണി കൃഷ്ണന് , ബിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൗബിന് ഷാഹിര്‍, രമേശ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. സുജിത് വാസുദേവാണ് ക്യാമറ.
ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ തിരക്കുള്ള താരമായിരുന്നു നന്ദിനി. ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നു. മമ്മൂട്ടി മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ള താരങ്ങളുടെ നായികയായിട്ടുള്ള നന്ദിനി, കൌസല്യ എന്ന പേരിലാണ് മറ്റ് ഭാഷകളില്‍ അഭിനയിച്ചിരുന്നത്. ലേലം, അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന് എന്നിവയാണ് നന്ദിനി വേഷമിട്ട പ്രധാന ചിത്രങ്ങള്‍. ഈയിടെ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും നായികയായിട്ടുണ്ട്. ലേലത്തിന്റെ രണ്ടാം ഭാഗമായ ലേലം 2വിലും നന്ദിനി അഭിനയിക്കുന്നുണ്ട്.