“എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധതയില്ല, കഥാപാത്രത്തെ നോക്കി വാപ്പച്ചിയെ വിലയിരുത്തരുത്”
|ദിലീപ് വിഷയത്തില്‍ നടന്‍മാര്‍ പ്രതികരിച്ചില്ലെന്ന രേവതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ അഭിപ്രായം പറയാന്‍ എളുപ്പമാണ് പക്ഷേ ഒരു വശത്ത് നില്‍ക്കുന്ന ആളുകളെ വേദനിപ്പിക്കേണ്ടിവരുമെന്നായിരുന്നു മറുപടി
അഭിനയിക്കുന്ന സിനിമകളിലൂടെയാണ് താന്‍ സ്വന്തം നിലപാട് വ്യക്തമാക്കുന്നതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ സ്ത്രീവിരുദ്ധ സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനിയും അഭിനയിക്കില്ലെന്ന് ന്യൂസ് 18 ചാനലിലെ രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടന്‍മാര്‍ പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരഭിപ്രായം പറയാന്‍ വളരെ എളുപ്പമാണ്, പക്ഷേ അഭിപ്രായം പറയുമ്പോള്‍ ഏതെങ്കിലുമൊരു വശത്ത് നില്‍ക്കുന്ന ആളുകളെ വേദനിപ്പിക്കേണ്ടി വരുമെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഈ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. നല്ല രീതിയിലേ എല്ലാവരും തന്നോട് പെരുമാറിയിട്ടുള്ളൂ എന്നും ദുല്‍ഖര്‍ പറഞ്ഞു.
മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണല്ലോ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് എന്ന ചോദ്യത്തിന് വാപ്പച്ചിയെ തനിക്ക് നന്നായി അറിയാമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് അദ്ദേഹമെന്നും ദുല്‍ഖര്‍ മറുപടി നല്‍കി. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. തന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. വീടിനകത്തും പുറത്തും സ്ത്രീകളെ വേദനിപ്പിക്കുന്ന ആളല്ല മമ്മൂട്ടിയെന്നും ദുല്‍ഖര്‍ പറഞ്ഞു.
തന്‍റെ സിനിമകളിലൂടെയാണ് താന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകളിലൊന്നും സ്ത്രീവിരുദ്ധത ചര്‍ച്ചയായിരുന്നില്ല. പക്ഷേ ഇന്നത്തെ തലമുറക്ക് അത്തരം കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.