ഏറെ തിരക്കുള്ള, ആരാധകരുള്ള പൃഥ്വിയുടെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുകയെന്നത് അത്ഭുതകരമായ കാര്യമാണ്: മോഹന്‍ലാല്‍
|ഒരു പാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചാല്‍ അത് അയാളുടെ ഒരു പാഷനാണ്
ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്..അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നത് തന്നെ സംബന്ധിച്ച് അത്ഭുതകരമായ കാര്യമാണെന്ന് മോഹന്‍ലാല്‍. ഒരു പാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചാല്‍ അത് അയാളുടെ ഒരു പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താല്‍പര്യമുണ്ടാകുമ്പോള്‍ ചെയ്യുന്നത് ഒരു ജോലിയാവില്ല, ചെയ്യുന്ന ആള്‍ ഒരു വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ അംശമുണ്ടാകും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് സുഖകരമായ കാര്യമാണ്. താനിപ്പോള്‍ അതാണ് അനുഭവിക്കുന്നതെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ ബ്ലോഗില്‍ ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ചും പൃഥ്വിയെ കൂടാതെ സുകുമാരനെക്കുറിച്ചും ലാല്‍ പറയുന്നുണ്ട്.
ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളെയും അതിന്റെതായ രീതിയില്‍ മാറി നിന്ന് കാണാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് ലാല്‍ കുറിക്കുന്നു. പുതിയ സിനിമയായ ലൂസിഫറില്‍ പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ കാലം എത്ര വേഗത്തിലാണ് കടന്നുപോകുന്നതെന്ന് തോന്നിപ്പോയി. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപിച്ചേട്ടന്റെ മകന്‍ മുരളി ഗോപി മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്..അപൂര്‍വ്വമായ ഒരു സംഗമം.
പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ നിഴലുകള്‍ വീണിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. സുകുമാരന്‍ ചേട്ടനുമായും മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്തുള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്. ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വ്വമായിരിക്കാം. ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ച് സംവിധായകന്‍ ആകുന്നത്. ഇവിടെ സംവിധായകനില്‍ ഒരു നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് നടന്‍, പക്ഷേ എന്നില്‍ സംവിധായകനില്ലെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു.
സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഫാസിലിനൊപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിച്ചതിന്റെ സന്തോഷവും മോഹൻലാൽ പങ്കുവെച്ചു.
പൃഥ്വിരാജിന്റെ ക്യാമറക്കും നിർദേശങ്ങൾക്കും മുന്നിൽ അനുസരണയോടെ നിൽക്കുമ്പോഴുണ്ടായ അനുഭവങ്ങളും ഓർമകളുമാണ് വിസ്മയ ശലഭങ്ങൾ എന്ന് പേരിട്ട തന്റെ ബ്ലോഗിൽ എഴുതിയിരിക്കുന്നത്. സഹപ്രവർത്തകനായിരുന്ന സുകുമാരന്റെ മകന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു. ആദ്യ ഷോട്ടിൽ മുന്നിൽ നിൽക്കുന്നത് പാച്ചിക്ക എന്ന് വിളിക്കുന്ന സംവിധായകൻ ഫാസിൽ. മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് സിനിമയിലേക്ക് തന്നെ കൈപിടിച്ച് നടത്തിയ ആൾ. 34 വർഷങ്ങൾക്ക് മുൻപ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമക്ക് ശേഷം കഥാപാത്രങ്ങളായി വീണ്ടും മുഖാമുഖം.
http://blog.thecompleteactor.com/20…/…/vismaya-shalabhangal/