Entertainment
“അഭിനയിക്കണമെന്ന മോഹവുമായി 10 വര്‍ഷം നടന്നു, ഒടുവില്‍ നായകനായി”
Entertainment

“അഭിനയിക്കണമെന്ന മോഹവുമായി 10 വര്‍ഷം നടന്നു, ഒടുവില്‍ നായകനായി”

സിതാര ശ്രീലയം
|
25 July 2018 10:05 AM GMT

എന്നും നായകനായി അഭിനയിക്കണം എന്നൊന്നുമില്ല എനിക്ക്. നെഗറ്റീവ് കഥാപാത്രങ്ങളും ചെയ്യാനിഷ്ടമാണ്. നെഗറ്റീവ് കഥാപാത്രമാകുമ്പോള്‍ ചില ഭാവങ്ങളൊക്കെ കയ്യില്‍ നിന്നിട്ട് അഭിനയിക്കാന്‍ പറ്റും

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത എന്നാലും ശരത് എന്ന സിനിമ ഈ ആഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശരത് എന്ന ടൈറ്റില്‍ റോള്‍ ചെയ്ത ചാര്‍ളി..

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ എന്തൊക്കെയോ സസ്പെന്‍സ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട് 'എന്നാലും ശരത്'. സിനിമ തിയേറ്ററിലെത്താന്‍ പോവുമ്പോള്‍ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ചാര്‍ളിക്ക് എന്താണ് പറയാനുള്ളത്?

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമയാണ് എന്നാലും ശരത്. അതില്‍ ശരത്തായിട്ടാണ് ഞാനെത്തുന്നത്. ഈ സിനിമയിലെ ശരത് വയലിനിസ്റ്റാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട സസ്പെന്‍സ് ത്രില്ലറാണ് സിനിമ.

എങ്ങനെയാണ് ചാര്‍ളി ഈ സിനിമയിലെത്തിയത്?

ഓഡിഷനിലൂടെയാണ് ഞാന്‍ എന്നാലും ശരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് നടന്ന ഓഡിഷനില്‍ 200ഓളം പേര്‍ പങ്കെടുത്തിരുന്നു. അഭിനയത്തിനൊപ്പം കഥാപാത്രത്തിന് യോജിച്ച എന്‍റെ മുടിയും താടിയും എന്നെ തെരഞ്ഞെടുക്കാന്‍ കാരണമായെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബാലചന്ദ്ര മേനോന്‍ എന്ന സീനിയറായ സംവിധായകനൊപ്പം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു?

ബഹുമാനം കലര്‍ന്ന പേടിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ സൌഹാര്‍ദ്ദപരമായിട്ടാണ് പെരുമാറിയത്. എന്ത് കാര്യവും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. നമ്മളെ ടെന്‍ഷനിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. ചെറുപ്പം തൊട്ട് അച്ഛനും അമ്മയുമൊക്കെ പറഞ്ഞു കേട്ട് സാറിനോട് ബഹുമാനമുണ്ടായിരുന്നു. നായകനായി അദ്ദേഹത്തിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. നിരവധി നായികമാരും മണിയന്‍പിള്ള രാജു, ബൈജു, പ്രേംനസീറിന്‍റെ മകന്‍ ഷാനവാസ് ഉള്‍പ്പെടെയുള്ള നടന്മാരും സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന്‍റെ സിനിമയിലൂടെയാണ്. അതുപോലെ കുറേ സാങ്കേതിക പ്രവര്‍ത്തകരും അദ്ദേഹത്തിന്‍റെ പടത്തില്‍ അരങ്ങേറിയിട്ടുണ്ട്.

ചാര്‍ളിയുടെ ആദ്യത്തെ സിനിമയാണോ എന്നാലും ശരത്?

നായകനെന്ന നിലയ്ക്ക് ആദ്യത്തെ പടമാണ്. മുന്‍പ് ചില സിനിമകളിലൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും അഭിനയിച്ചിട്ടുണ്ട്. 2008ല്‍ മകന്‍റെ അച്ഛന്‍ എന്ന സിനിമയിലെ ഓഡിഷനാണ് ആദ്യമായി പോയത്. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയില്‍ കലാസംവിധാനത്തില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ ചില സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. ബിടെക്കാണ് പഠിച്ചത്. പിന്നീട് കിട്ടിയ ജോലി രാജിവെച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ്.

ഉണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവന്‍ സമയവും സിനിമയ്ക്കായി മാറ്റിവെച്ചപ്പോള്‍ അതൊരു വെല്ലുവിളിയായി തോന്നിയിരുന്നോ?

കഴിവ്, ശുപാര്‍ശ, ഭാഗ്യം.. ഈ മൂന്ന് കാര്യങ്ങള്‍ കൊണ്ട് സിനിമയിലെത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭാഗ്യം മാത്രം കൊണ്ട് സിനിമയില്‍ എത്താന്‍ പറ്റുമെങ്കിലും അധികനാള്‍ നില്‍ക്കാന്‍ പറ്റില്ല. കഴിവുള്ളവര്‍ നിലനില്‍ക്കും. കഴിവിന്‍റെ പരമാവധി ശ്രമിച്ച് ഈ രംഗത്ത് നില്‍ക്കാന്‍ തന്നെയാണ് എന്‍റെ തീരുമാനം.

ഷൂട്ടിങ് സെറ്റിലെ വിശേഷങ്ങള്‍ പറയാമോ?

നിധി, നിത്യ എന്നിവരാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിത്യ തെലുങ്കില്‍ അഭിനയിച്ചിട്ടുള്ള ആളാണ്. നിധിയുടെ രണ്ടാമത്തെ ചിത്രമാണ്. എറണാകുളത്തും ഇടുക്കിയിലുമാണ് സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. രണ്ട് മാസം കൊണ്ട് ഷൂട്ടിങ് തീര്‍ന്നു. ഒരുമിച്ച് ഒരു ടീമെന്ന നിലയിലാണ് മുന്നോട്ടുപോയത്. മലയാളത്തിലെ 10 സംവിധായകര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും സംവിധായകര്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ നല്ല രീതിയില്‍ പൂര്‍ത്തിയായി. ഇനി ആളുകള്‍ എങ്ങനെയാണ് ഈ സിനിമ സ്വീകരിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ്.

അടുത്ത സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയോ?മലയാള സിനിമകളില്‍ അഭിനയിക്കാനാണോ കൂടുതല്‍ താല്‍പര്യം? അതോ മറ്റ് ഭാഷകളില്‍ താല്‍പര്യമുണ്ടോ?

ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മലയാളം സിനിമകളോടാണ് കൂടുതല്‍ താല്‍പര്യം. തമിഴിലും താല്‍പര്യമുണ്ട്. എന്നെക്കൊണ്ട് സാധിക്കുമെന്ന് ഉറപ്പുള്ള ഏത് കഥാപാത്രവും സ്വീകരിക്കും. പിന്നെ ചെയ്യാനാഗ്രഹിക്കുന്ന കുറേ കഥാപാത്രങ്ങളുണ്ടാവും. പക്ഷേ ഉള്ളിലുള്ള കഥാപാത്രത്തെ കുറിച്ചൊക്കെ പറയാനുള്ള സമയം ആയിട്ടില്ല. അതിന് ഞാന്‍ ഇനിയും വളരണം.

പ്രത്യേകമായി ഏതെങ്കിലും സംവിധായകരോടൊപ്പം ജോലി ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?

തോന്നിയിട്ടുണ്ട്. ഇപ്പോഴുള്ള സംവിധായകരില്‍ ലിജോ ജോസ് പെല്ലിശേരി, ലാല്‍ ജോസ്, ദിലീഷ് പോത്തന്‍ അങ്ങനെ കുറേ സംവിധായകരുടെ കീഴില്‍ അഭിനയിക്കണമെന്നുണ്ട്. ഈ സിനിമയില്‍ 10 സംവിധായകര്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ? അവരോടൊക്കെ അടുക്കാനും ആശയവിനിമയം നടത്താനും സാധിച്ചുവെന്നതിനാല്‍ വളരെ സന്തോഷമുണ്ട്.

സിനിമയാണ് സ്വന്തം വഴിയെന്ന് തീരുമാനിച്ചത് എപ്പോഴാണ്?

സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ നാടകം, മോണോ ആക്റ്റ് പ്രസംഗം തുടങ്ങിയ മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അതൊരു തുടക്കമായിരുന്നു. സിനിമയോടുള്ള തീവ്രമായ ഇഷ്ടം തുടങ്ങുന്നത് എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ്. ഒറ്റയടിക്ക് സിനിമയിലെത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്ത് പതുക്കെ പതുക്കെ സിനിമയിലേക്കെത്തി. നാടകപ്രവര്‍ത്തകനാണ് പപ്പ. പപ്പ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പപ്പയ്ക്ക് ജോലിത്തിരക്കിനിടയില്‍ സിനിമയുടെ പിന്നാലെ പോവാനൊന്നും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എന്നിലൂടെ ആ ആഗ്രഹം നടക്കുമ്പോള്‍ കുടുംബവും സന്തോഷത്തിലാണ്.

ഏത് തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം?

എന്നും നായകനായി അഭിനയിക്കണം എന്നൊന്നുമില്ല എനിക്ക്. നെഗറ്റീവ് കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റുമെന്ന് ആത്മവിശ്വാസമുണ്ട്. നെഗറ്റീവ് കഥാപാത്രമാകുമ്പോള്‍ ചില ഭാവങ്ങളൊക്കെ കയ്യില്‍ നിന്നിട്ട് അഭിനയിക്കാന്‍ പറ്റും. അവിടെ സംവിധായകര്‍ മിക്കവാറും പരിഗണിക്കുക നമ്മള്‍ കഥാപാത്രമായി മാറുന്നുണ്ടോ എന്ന് മാത്രമാകും. നായകന്‍ ആവുമ്പോള്‍ ഇന്നയിന്ന കാര്യങ്ങള്‍ വേണമെന്ന് സംവിധായകന്‍റെ ഉള്ളിലുണ്ടാവും. നെഗറ്റീവ് കഥാപാത്രം ആവുമ്പോ അഭിനയത്തിന്‍റെ കാര്യത്തില്‍ കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. കഥാപാത്രം എന്തുതന്നെയായാലും പൂര്‍ണമായും അതാവുക എന്നതാണ് എന്‍റെ നയം.

കഥാപാത്രമാവാന്‍ ഈ നീട്ടിവളര്‍ത്തിയ മുടിയും താടിയുമൊക്കെ മുറിക്കേണ്ടിവന്നാല്‍?

അതില്‍ രണ്ടാമത് ആലോചിക്കാനൊന്നുമില്ല. മുറിക്കും. മുടി ജന്മനാ കിട്ടിയതല്ലേ? അതെപ്പോള്‍ വേണമെങ്കിലും വളരുമല്ലോ. മമ്മൂട്ടിയെ പോലുള്ള നടന്മാര്‍ കഥാപാത്രമാവാന്‍ വേണ്ടി മൊട്ടയടിച്ചിട്ടില്ലേ? അതിലും വലുതൊന്നുമല്ലല്ലോ.

Related Tags :
Similar Posts