Entertainment
മലയാള സിനിമയില്‍ പ്രത്യക്ഷമായി വിവേചനം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ ഷൈജു അന്തിക്കാട്
Entertainment

മലയാള സിനിമയില്‍ പ്രത്യക്ഷമായി വിവേചനം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ ഷൈജു അന്തിക്കാട്

Web Desk
|
29 July 2018 4:45 AM GMT

സിനിമ എല്ലാവരുടെയും കൂട്ടായ്മ തന്നെയാണ്. ആ യൂണിറ്റിലെ ഒരാള്‍ വിചാരിച്ചാല്‍ ആ സിനിമയുടെ ഭംഗി കുറയ്ക്കാന്‍ സാധിക്കും 

മലയാള സിനിമയില്‍ പ്രത്യക്ഷമായി വിവേചനം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ ഷൈജു അന്തിക്കാട്. സിനിമ എല്ലാവരുടെയും കൂട്ടായ്മ തന്നെയാണ്. ആ യൂണിറ്റിലെ ഒരാള്‍ വിചാരിച്ചാല്‍ ആ സിനിമയുടെ ഭംഗി കുറയ്ക്കാന്‍ സാധിക്കും. എല്ലാവരും ഒന്നിച്ചു നിന്നാല്‍ മാത്രമേ ഒരു സിനിമ ഭംഗിയായി തീര്‍ക്കാന്‍ സാധിക്കൂവെന്നും ഷൈജു പറഞ്ഞു. മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

പിന്നെ അതിനുള്ളിലെ വിവേചനം ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുന്നില്ല എന്നൊക്കെയായിരിക്കാം. അത് സിനിമയില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട്. പെരുന്നാള്‍ സമയങ്ങളില്‍ മമ്മൂക്കയാണ് സെറ്റില്‍ ബിരിയാണി വിളമ്പിക്കൊടുക്കാറുള്ളത്. അത് എല്ലായ്പ്പോഴും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അവര്‍ക്ക് അവരുടെതായ സ്വകാര്യത ഉണ്ടാകും. പണ്ടത്തെ പോലെയല്ല, ഇന്ന് തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

നമ്മള്‍ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്ന ഈ കാലഘട്ടത്തിലാണ് നമ്മള്‍ ധൈര്യമായി സംസാരിക്കേണ്ടത്. മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വരുന്ന സമയത്താണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അത് കേരളത്തില്‍ പോലും സംഭവിക്കുന്നു. എല്ലാവരും അവനവനിലേക്കും അവരുടെ മതങ്ങളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അതല്ലാതെ അപരന്റെ വേദന നമ്മുടെ വേദനയായി കാണുന്ന മനുഷ്യരാണ് ഞങ്ങളൊക്കെ. ഞങ്ങളൊക്കെ ഹരീഷിനൊപ്പമാണ്. സാഹിത്യം കൊണ്ട് ഇന്നു വരെ ഒരു മതവും നശിച്ചുപോയിട്ടില്ല. എന്തിനാണിവര്‍ ഒരു കഥയുടെ പേരില്‍, നാടകത്തിന്റെ, സിനിമയുടെ പേരില്‍ ഭയക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഷൈജു പറഞ്ഞു.

Related Tags :
Similar Posts