അച്ചേ ദിന് കബ് ആയേങ്കെ; പാട്ട് പുലിവാലായി, ഒടുവില്‍ തിരുത്തി
|തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വിറ്റ് ചെയ്തതും നല്ല ദിനങ്ങള്‍ വരാന്‍ പോകുന്ന എന്ന തരത്തിലായിരുന്നു.
അച്ചേ ദിന്(നല്ലനാളുകള്‍) വരുന്നു എന്നത് മോദിയുടെ 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവാക്കുകളിലൊന്നായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വിറ്റ് ചെയ്തതും നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു. പക്ഷേ ആ നല്ല ദിനങ്ങള്‍ വന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷം ഒന്നടങ്കം പരിഹാസ രൂപേണയാണ് ഇപ്പോള്‍ അച്ചേദിന്‍ എന്ന വാക്കിനെ ഉപയോഗിക്കുന്നത്. മോദി സര്‍ക്കാറിനെ വിമര്‍ശിക്കാനും അവരിത് ഉപയോഗിക്കുന്നു. എന്നാല്‍ ഈ അച്ചേദിന്‍ കൊണ്ട് പുലിവാല് പിടിച്ചത് ഫന്നേഖാന് എന്ന ചിത്രത്തിന്റെ അണിയറക്കാരാണ്. അനില്‍കപൂര്‍, രാജ്കുമാര് റാവു, ഐശ്വര്യ റായ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അതുല്‍ മഞ്ചരേക്കര്‍ സംവിധാനം ചെയ്ത റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഫന്നേഖാന്.
ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടൈറ്റില്‍ അച്ചേദിന്‍ കബ് ആയേങ്കാ എന്നായിരുന്നു. അനില്കപൂറാണ് ഇൌ ഗാനത്തില്‍ അഭിനയിച്ചത്. എന്നാല്‍ പാട്ട് ക്ലിക്കായതോടെ ചിലര്‍ പാട്ടിനെ കേന്ദ്രസര്‍ക്കാറിനെയും മോദിയേയും വിമര്‍ശിക്കാനുപയോഗിച്ചു.സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പാട്ടിന്റെ രംഗം ഉപയോഗിച്ച് മോദി സര്‍ക്കാറിനെതിരെ വിമര്‍ശനം തുടര്‍ന്നു. രാജ്യം വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്ക്കുന്ന സമയത്ത് ഇത്തരത്തിലൊരു അടി സര്‍ക്കാര്‍ അനുകൂലികളെയും അലോസരപ്പെടുത്തി. പാട്ടിന്റെ വരികള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ പാട്ടില്‍ തിരുത്ത് വരുത്തേണ്ടി വന്നു അണിയറക്കാര്‍ക്ക്. ആദ്യ ഭാഗത്തില്‍ അച്ചേ ദിന് കബ് ആയെങ്കെ എന്നാണെങ്കില്‍ മേരെ ആച്ചെ ദിന് ഹെ ആയേരെ എന്നാക്കി മാറ്റുകയായിരുന്നു.
പാട്ട് തിരുത്തിയത് സംബന്ധിച്ച് സംവിധായകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു, പാട്ടിന് അനാവശ്യമായി രാഷ്ട്രീയ നിറം നല്‍കുകയായിരുന്നു, അത് സര്‍ക്കാറിന്റെ പരസ്യവാചകമായിരുന്നുവെന്നത് ഓര്‍ത്തില്ല, പാട്ടിന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാലാണ് തിരുത്തല്‍ വരുത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ 19ന് റിലീസ് ചെയ്ത ഗാനം ഇതിനകം 2.5 മില്യണ്‍ കാഴ്ചക്കാരെ സൃഷ്ടിക്കാനായി. ചിത്രം അടുത്ത മാസം പ്രദര്‍ശനത്തിനെത്തും.