ട്രോളന്മാരുടെ ഇഷ്ടതാരം ദശമൂലം ദാമു നായകനായി സിനിമ വരുന്നു
|ഷാഫിയുടെ സിനിമയിലെ കഥാപാത്രങ്ങളായ പോഞ്ഞിക്കരയും പ്യാരിയും ട്രോളന്മാരുടെ പ്രിയ താരങ്ങളാണ്. കല്യാണരാമൻ ട്രോളുകൾ കാണുമ്പോൾ ആ സിനിമ ഇപ്പോഴും തീയറ്ററിലുണ്ട് എന്ന് തോന്നാറുണ്ടെന്നും ഷാഫി.
കുറച്ച് നാളുകളായി ട്രോളന്മാരുടെ നായകനായി മാറിയിരിക്കുകയാണ് ദശമൂലം ദാമു. ചട്ടമ്പിനാട് എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഈ കഥാപാത്രം കേന്ദ്രകഥാപാത്രമായി സിനിമ വരികയാണ്. കഥാപാത്രത്തിന്‍റെ സൃഷ്ടാവ് തന്നെയായ ഷാഫിയാണ് സിനിമക്കും പിന്നിൽ.
മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ട്രോളന്മാരുടെ ഇഷ്ടതാരമായിരുന്ന സലീംകുമാറിനെയും മറികടന്ന് മുന്നേറുകയാണ് ഇപ്പോൾ ദാമു. ട്രോളന്മാർ ദാമുവിനെ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് ചട്ടമ്പിനാടിന്‍റെ സംവിധായകൻ ഷാഫി. കഥാപാത്രം ഇത്ര വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ ഷാഫി, ട്രോളുകൾ കണ്ട് സുരാജ് വിളിച്ചിരുന്നുവെന്നും സന്തോഷം പ്രകടിപ്പിച്ചുവെന്നും പറഞ്ഞു.
ദശമൂലം ദാമു എന്ന കഥാപാത്രത്തെ പുനരവതരിപ്പിച്ചാലോ എന്ന അഭിപ്രായം സുരാജ് പങ്കുവെച്ചുവെന്നും ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിൽ സന്തോഷമേ ഉള്ളൂ എന്ന് സുരാജിനോട് പറഞ്ഞതായും ഷാഫി വെളിപ്പെടുത്തി. ചട്ടമ്പിനാട് സിനിമയുടെ വിജയഘടകങ്ങളിൽ മുഖ്യപങ്കുവഹിച്ചത് സുരാജിന്‍റെ ദാമു എന്ന കഥാപാത്രമായിരുന്നു.
ഷാഫിയുടെ സിനിമയിലെ കഥാപാത്രങ്ങളായ പോഞ്ഞിക്കരയും പ്യാരിയും ട്രോളന്മാരുടെ പ്രിയ താരങ്ങളാണ്. കല്യാണരാമൻ പുറത്തിറങ്ങിയിട്ട് 16 വർഷമായി ട്രോളുകൾ കാണുമ്പോൾ ആ സിനിമ ഇപ്പോഴും തീയറ്ററിലുണ്ട് എന്ന് തോന്നാറുണ്ടെന്നും പുലിവാൽ കല്യാണം, ചട്ടമ്പിനാട്, മായാവി, കല്യാണരാമൻ തുടങ്ങിയ തന്‍റെ സിനിമകളിലെ കഥാപാത്രങ്ങളാണ് കൂടുതലും ട്രോളുകളിൽ നിറയാറുള്ളതെന്നും ഷാഫി പറഞ്ഞു.