ചെക്ക ചെവന്ത വാനം: മണിരത്നം ചിത്രത്തിന്റെ ട്രെയിലറെത്തി
|അരവിന്ദ് സ്വാമി, ചിലമ്പരസന്‍, അരുണ്‍ വിജയകുമാര്‍, വിജയ് സേതുപതി, പ്രകാശ് രാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു
മണിരത്നം സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രം ചെക്ക ചെവന്ത വാനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മഡ്രാസ് ടാക്കിസാണ് ചിത്രം അവതരിപ്പിക്കുന്നത്. മണിരത്നവും അലിരാജാ സുബാസ്കരനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്മാന് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നു.
അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനായ മണിരത്നത്തിന്റെ സിനിമയിൽ ഒരു ഇടവേളക്ക് ശേഷമാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. വർദ്ദ എന്ന ഗ്യാങ്സ്റ്ററായാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അരവിന്ദ് സ്വാമിയെക്കൂടാതെ വൻതാരനിരയാണ് ചെക്ക ചെവന്ത വാനത്തിൽ അണിനിരക്കുന്നത്.
വർദ്ദയും അനിയന്മാരായ എതി, ത്യാഗു എന്നിവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. എതിയായി ചിലമ്പരസനും ത്യാഗുവായി അരുൺ വിജയകുമാറും വേഷമിടുന്നു. അരവിന്ദ് സ്വാമിയുടെ ഭാര്യയായി ജ്യോതികയും പോലീസുകാരനായ കൂട്ടുകാരനായി വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ഇവരെക്കൂടാതെ ഒരു പ്രധാന വേഷത്തിൽ പ്രകാശ് രാജും ഈ താരനിരയിൽ സാന്നിധ്യമറിയിക്കുന്നു. ബിഗ് ബജറ്റ് ചിത്രമായ ചെക്ക ചെവന്ത വാനത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചിട്ടില്ല