മാസ്മരികതയുടെ മൈക്കിള്‍ ജാക്സണ്
|പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്ന്നെങ്കിലും സംഗീത പ്രമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നുണ്ട് മൈക്കിള്‍ ജാക്സണ് എന്ന പ്രതിഭയെ
പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്സണിന്റെ 60-ാം ജന്മദിനമാണ് ഇന്ന്. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്ന്നെങ്കിലും സംഗീത പ്രമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നുണ്ട് മൈക്കിള്‍ ജാക്സണ് എന്ന പ്രതിഭയെ.
അമേരിക്കൻ ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന്, നർത്തകന്, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്... അങ്ങനെ നീളുകയാണ് മൈക്കല്‍ ജാക്സനെ കുറിച്ചുള്ള വിശേഷണങ്ങള്‍. മൈക്കൽ "ജോസഫ്" ജാക്സൺ എന്ന മൈക്കൽ "ജോ" ജാക്സൺ "പോപ്പ് രാജാവ്" എന്നാണ് അറിയപ്പെടുന്നത്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
ജാക്സൺ കുടുംബത്തിലെ എട്ടാമനായാണ് ജനനം. സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ ‘ദ ജാക്സൺ 5’ എന്ന ബാന്റുമായാണ് സംഗീത ജീവിതത്തിന് തുടക്കമിടുന്നത്. 1971 മുതൽ ഒറ്റക്ക് പാടുവാൻ തുടങ്ങി. 70-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ പ്രധാനിയായി മാറി. വര്‍ണ, വര്‍ഗ, ജാതി വിവേചനങ്ങള്‍ക്കതീതനായി ജാക്സണ് പോപ് സംഗീതത്തിന്റെ കിരീടം ചൂടി.
എന്നാൽ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങൾക്കിടയാക്കി. ബാലപീഡകന്, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന് എന്നിങ്ങനെ കിടക്കുന്നു ആരോപണങ്ങള്‍. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളുടെ പേരില്‍ ദുരന്തത്തില്‍ കലാശിച്ച രണ്ടു വിവാഹങ്ങളും.
2009 ജൂൺ 25 ന് ലോകമെങ്ങും ഉള്ള ആരാധകരുടെ മനസ്സില്‍ ഒരിടം മാറ്റിവെച്ച് അദ്ദേഹം വിടപറഞ്ഞു. എക്കാലത്തെയും മികച്ച പോപ്പ് താരമായ ജാക്സന്റെ 75 കോടി റെക്കോഡുകളാണു വിറ്റഴിഞ്ഞത്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കൽ ജാക്സണ് സ്വന്തം. പാട്ടിന്റെയും ഡാൻസിന്റെയും അരങ്ങിൽ മൈക്കൽ ജാക്സൻ ഇന്നും മാതൃകയാണ്.