“രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടി, ഇതാണ് ഞാന്‍ ജീവിക്കാന്‍ ആഗ്രഹിച്ച ഇന്ത്യ”; ബോളിവുഡ് പ്രതികരിക്കുന്നു..
|സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് താരങ്ങളും സംവിധായകരും
സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് താരങ്ങളും സംവിധായകരും. സംവിധായകന് കരണ്‍ ജോഹറാണ് ബോളിവുഡില്‍ നിന്ന് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്.
"ചരിത്രപരമായ വിധി. വളരെ അഭിമാനം തോന്നുന്നു. സെക്ഷന്‍ 377 റദ്ദാക്കാനുള്ള തീരുമാനം സമത്വവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടിയിരിക്കുന്നു" എന്നാണ് കരണ്‍ ജോഹര്‍ പ്രതികരിച്ചത്.
ആമിര്‍ ഖാന്, അനുഷ്ക ശര്‍മ, രണ്‍വീര്‍ സിങ്, സോനം കപൂര്‍, അര്ജുന് കപൂര്‍, വരുണ്‍ ധവാന്, അഭിഷേക് ബച്ചന്, രാജ്കുമാര് റാവു, സ്വര ഭാസ്കര്‍, പ്രിതി സിന്റ, ജോണ്‍ എബ്രഹാം, ഫര്ഹാന് അക്തര്‍, കൊങ്കണസെന്‍ ശര്‍മ എന്നിങ്ങനെ നിരവധി താരങ്ങള്‍ വിധിയെ അനുകൂലിച്ച് രംഗത്തെത്തി.
എല്ലാവര്ക്കും തുല്യഅവകാശം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ചരിത്രപരമാണ് ഇന്നത്തെ വിധിയെന്ന് ആമിര്‍ ഖാന് പ്രതികരിച്ചു. നിയമവ്യവസ്ഥ കടമ നിര്‍വഹിച്ചിരിക്കുന്നു. ഇനി നമ്മുടെ ഊഴമാണ് എന്നാണ് ആമിറിന്റെ ട്വീറ്റ്. പ്രണയത്തിനും പ്രണയിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള മുന്നേറ്റമെന്ന് അനുഷ്ക ശര്‍മ ട്വീറ്റ് ചെയ്തു.
ഇതാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിച്ച ഇന്ത്യ എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. വിദ്വേഷമില്ലാത്ത, അസഹിഷ്ണുതയില്ലാത്ത, മനുഷ്യര്‍ മനുഷ്യരെ ഭയക്കാത്ത ഇന്ത്യയെയാണ് താന്‍ സ്നേഹിക്കുന്നതെന്നും സോനം പറഞ്ഞു. 1860ലെ നിയമം റദ്ദാക്കിയിരിക്കുന്നു, രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ദിനമെന്നാണ് വരുണ്‍ ധവാന് പ്രതികരിച്ചത്. ബൈ ബൈ 377, നന്ദി എന്നായിരുന്നു ഫര്ഹാന് അക്തറിന്റെ പ്രതികരണം.