പാ രഞ്ജിത്ത് നിർമാണം, മാരി സെൽവരാജ് സംവിധാനം; ‘പരിയറും പെരുമാളി’ലെ ഗാനങ്ങൾ പുറത്ത്
|തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജനങ്ങളിലൂടെ കഥ പറയുന്ന പരിയറും പെരുമാളിലെ മുഴുവൻ ഗാനങ്ങളും പുറത്തിറങ്ങി. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പാ രഞ്ജിത്ത് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖമായ മാരി സെൽവരാജാണ്. സിനിമകളിലൂടെ തൻെറ രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന പാ രഞ്ജിത് സിനിമയുടെ രൂപത്തിൽ തന്നെയാവും ഈ സിനിമയും എന്ന് ഗാനങ്ങളിൽ നിന്നും വ്യക്തമാണ്. ‘ലോകത്ത് എന്തിനാണെന്നറിയാതെ കൊല്ലപ്പെടുന്ന എല്ലാ നിഷ്കളങ്കരായ ആത്മാക്കൾക്കും ഗാനം സമർപ്പിക്കുന്നു’ എന്ന ടൈറ്റിലിലായിരുന്നു ആദ്യ ഗാനമായ ' കറുപ്പി എൻ കറുപ്പി ' പുറത്തിറങ്ങിയത്. ജാതി സംഘർഷങ്ങൾക്കിടയിൽപെട്ട് കൊല്ലപ്പെട്ട ‘കറുപ്പി’ എന്ന നായയുടെ കഥയായിരുന്നു ഗാനത്തിലുടനീളം. കറുപ്പിയുടെ തല വെച്ചുള്ള ഫ്രെയിംലൂടെ ജാതി സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യരെ ഓർമ്മപ്പെടുത്തുന്ന അനുഭവമായിരുന്നു പ്രേക്ഷകർക്ക്. തമിഴ്നാട്ടിലെ ജാതി വിവേചനങ്ങളെയും അടിച്ചമർത്തലിനെയും വരച്ചു കാട്ടുന്ന സിനിമയാകും പരിയറും പെരുമാൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ‘പരിയറും പെരുമാളിൽ’ അഭിനയിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം കളക്റ്റീവ് ആണ് സിനിമ നിർമിക്കുന്നത്. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിർവഹിച്ചിരിക്കുന്നത്.