‘അഭിനയിച്ചിട്ടും എന്ത് കൊണ്ട് കമ്മട്ടിപ്പാടം കണ്ടില്ല’; തുറന്ന് പറഞ്ഞ് നടി രസിക ദുഗ്ഗൽ
|കമ്മട്ടിപ്പാടമായിരുന്നു രസികയുടെ ആദ്യ മലയാള സിനിമ
ബോളിവുഡ് നടി രസിക ദുഗ്ഗൽ ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ചിത്രത്തിൽ ദുൽക്കർ സൽമാന്റെ കൂടെ വലിയ സീനുകളിൽ അഭിനയിച്ച രസിക പക്ഷെ സിനിമ റിലീസ് അടുത്തപ്പോഴാണ് അഭിനയിച്ച ഭൂരിഭാഗം സീനും വെട്ടി ഒഴിവാക്കേണ്ടി വന്നു എന്ന വാർത്ത കേട്ടത്. സംവിധായകൻ രാജീവ് രവി തന്നെയായിരുന്നു അത് വിളിച്ച് പറഞ്ഞത്. കേട്ടപ്പോൾ വളരെ അധികം സങ്കടം തോന്നിയെന്നും, അത് കൊണ്ട് തന്നെ പിന്നീട് കമ്മട്ടിപ്പാടം സിനിമ കാണാൻ തോന്നിയില്ലയെന്നും തുറന്ന് പറയുകയാണ് നടി രസിക ദുഗ്ഗൽ.
‘സിനിമ റിലീസ് ചെയ്യുന്നതിന്റെ ഒരാഴ്ച്ച മുൻപ് രാജീവിന്റെ കയ്യിൽ കമ്മട്ടിപ്പാടത്തിന്റെ നാല് മണിക്കൂർ വേർഷനുണ്ടായിരുന്നു. അദ്ദേഹത്തിന് അതിലെ മുംബൈയിൽ നിന്നുള്ള വലിയൊരു ഭാഗം മുഴുവനായും എഡിറ്റ് ചെയ്യണമായിരുന്നു. പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ എന്റെ സീനിയറായിരുന്നു രാജീവ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഒരുപാട് മാപ്പ് പറഞ്ഞു’; രസിക പറയുന്നു. ‘സിനിമ കണ്ട ഒരുപാട് പേര് ഫോൺ വിളിച്ച് എന്ത് കൊണ്ട് കുറച്ച് മാത്രം അഭിനയിച്ചെന്ന് ചോദിച്ചു, അതിലെനിക്ക് വളരെ അസ്വസ്ഥത തോന്നി, അതല്ലായിരുന്നു ഞാൻ ചെയ്തത്, ചിലപ്പോള്‍ കാര്യങ്ങൾ ഇങ്ങനെയായിരിക്കും സംഭവിക്കുക , നമ്മുടെ കയ്യിലായിരിക്കില്ല ഒന്നും’, രസിക പറയുന്നു.
‘ഡയറക്ടേഴ്സ് കട്ട് നേരത്തെ പുറത്തിറങ്ങേണ്ടതായിരുന്നു. വളരെ മനോഹരമായ വേഷമായിരുന്നു ഞാനതിലഭിനയിച്ചത്. എനിക്ക് അത് വർക്ക് ഔട്ടായോയെന്ന് കാണണമായിരുന്നു, നാല് മണിക്കൂർ സിനിമയൊന്നും ഞാൻ കണ്ടില്ല, പുറത്തിറങ്ങിയ ഒരു വേർഷനും ഞാൻ കണ്ടില്ല. എന്റെ ഭാഗം രാജീവ് ഒഴിവാക്കിയതിൽ അപ്പോൾ അത്രയും സങ്കടം തോന്നിയിരുന്നു’, രസിക തുടർന്നു.
ദുൽക്കറിനെ വരെ അത് അസ്വസ്ഥമാക്കിയിരുന്നു. ദുൽക്കർ വിളിച്ച് നടന്ന കാര്യങ്ങൾ സംസാരിച്ചു. രാജീവും ദുൽക്കറും ഒരുപാട് മാപ്പ് പറഞ്ഞു. പക്ഷെ രാജീവിന് നാല് മണിക്കൂർ വേർഷൻ ഇറക്കാൻ സാധിക്കില്ലായിരുന്നു. ഇത് ഒരു വ്യവസായമാണ്. അത് ഞാൻ മനസ്സിലാക്കുന്നുവെന്നും രസിക പറഞ്ഞു. ദുൽക്കറിനൊപ്പമുള്ള അഭിനയം അതി മനോഹരമായിരുന്നു. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചുവെന്നും രസിക കൂട്ടി ചേർത്തു.
ആദ്യ സിനിമ നല്ല അനുഭവമല്ലായിരുന്നുവെങ്കിലും ഇനിയും പ്രാദേശിക സിനിമകളിൽ അഭിനയിക്കാൻ തയ്യാറാണെന്നും രസിക പറഞ്ഞു. ഒരുപാട് കഴിവുള്ള താരങ്ങളുള്ള മലയാള സിനിമ വ്യവസായത്തിൽ ഞാൻ അഭിനയിക്കാനിഷ്ടപ്പെടുന്നുവെന്നും രാജീവിനെ പോലുള്ളവരാണ് ഇവിടെ ന്യൂ ജനറേഷൻ തരംഗം കൊണ്ട് വന്നതെന്നും രസിക പറയുന്നു.
നന്ദിത ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ മാന്റോവിലൂടെ രസിക വേറിട്ടൊരു വേഷവുമായി ബിഗ് സ്ക്രീനിലേക്ക് വരുകയാണ്. പ്രമുഖ ഉറുദു എഴുത്തുകാരനായ സാദാത്ത് ഹസ്സൻ മാന്റോവിന്റെ കഥ പറയുന്ന ചിത്രത്തിൽ മാന്റോയുടെ ഭാര്യയായ സഫിയയായാണ് രസിക എത്തുന്നത്. നവാസുദ്ധീൻ സിദ്ധീക്കിയാണ് മാന്റോയായെത്തുന്നത്. കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാന്റോ വൈകാതെ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിന് വരുമെന്ന് റിപോർട്ടുകൾ പറയുന്നു.