രാഷ്ട്രീയത്തിലിറങ്ങാന്‍ താല്പര്യമില്ലാത്തത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ആമിര്‍ ഖാന്
|പൌരനെന്ന നിലയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്. അതിന് ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥരുമാണ് എന്ന് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ ആമിര്‍ ചോദ്യം ചെയ്തു
രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് നിഷേധിച്ച സൂപ്പര്‍ താരം ആമിര്‍ ഖാന് അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി. “രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഒരു കലാകാരനായി സമൂഹത്തിനായി എനിക്ക് ചെയ്യാന്‍ സാധിക്കും. ഞാന്‍ കലാകാരനാണെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എനിക്ക് ജനങ്ങളുടെ മനസ്സ് തൊട്ടറിയാന്‍ സാധിക്കും”- രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകന് ആമിര്‍ ഖാന് നല്കിയ ഉത്തരമിതാണ്.
പൌരനെന്ന നിലയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്. അതിന് ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥരുമാണ് എന്ന് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ ആമിര്‍ ചോദ്യം ചെയ്തു. മഹാരാഷ്ട്രയിലെ ജല സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന ആമിര്‍, ഇന്ത്യക്ക് ഡാമുകളിലൂടെയല്ല മറിച്ച് നീര്‍ത്തട വികേന്ദ്രീകരണത്തിലൂടെയേ ജലക്ഷാമത്തെ മറികടക്കാനാവുകയുള്ളൂവെന്ന് പറഞ്ഞു. ജനങ്ങളുടെ ഇടപെടലുകളാണ് ജലക്ഷാമം ഒഴിവാക്കാന്‍ അത്യാവശ്യമെന്ന തന്റെ അഭിപ്രായത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവസ് പോലും ശരിവച്ചിട്ടുള്ളതാണെന്നും അതിനായി പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര ഗ്രാമങ്ങളിലെ ജലക്ഷാമത്തെ ചെറുത്ത് നിര്‍ത്താന്‍ തന്റെ ടി.വി സീരീസായ സത്യമേവ ജയതേയിലെ മത്സരാര്‍ഥികളുടെ സഹായത്തോടെ 2016ല്‍ പാനി ഫൌണ്ടേഷന് എന്നൊരു സംഘടനക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു. സത്യമേവജയതെ വാട്ടര്‍ കപ്പ് എന്ന പേരില്‍ ഗ്രാമങ്ങളില്‍ ഒരു നീര്‍ത്തട നിര്‍മ്മാണ മത്സരം പാനി ഫൌണ്ടേഷന് സംഘടിപ്പിച്ചിരുന്നു.