Entertainment
‘പൾപ്പ് ഫിക്ഷൻ’  തന്നെ, പക്ഷെ കോപ്പിയടിച്ചതല്ല’; ജീംബൂംബാ പോസ്റ്ററിന് പിന്നിലെ കഥയിതാണ് 
Entertainment

‘പൾപ്പ് ഫിക്ഷൻ’ തന്നെ, പക്ഷെ കോപ്പിയടിച്ചതല്ല’; ജീംബൂംബാ പോസ്റ്ററിന് പിന്നിലെ കഥയിതാണ് 

Web Desk
|
19 Sep 2018 11:56 AM GMT

അസ്‌കർ അലി നായകനായെത്തി നവാഗതനായ രാഹുല്‍ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജീംബൂംബായുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ചാ വിഷയം.

പൾപ്പ് ഫിക്ഷൻ എന്ന ഇംഗ്ലീഷ് ക്ലാസിക്ക് സിനിമയുടെ പോസ്റ്ററുമായി ഭീകര സാമ്യമുണ്ടെന്ന ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകനും പോസ്റ്റർ ഡിസൈനറും. പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് മോഹൻലാൽ, മൂത്തോൻ, ആഭാസം സിനിമപോസ്റ്ററിന് പിന്നിലെ പവി ശങ്കറാണ്. സ്പൂഫ് പോസ്റ്റര്‍ ആണ് ഉദ്ദേശിച്ചതെന്നും ഡിജിറ്റല്‍ പെയിന്റിംഗ് ആണ് അതെന്നും ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും പറയുന്നു. പൾപ്പ് ഫിക്ഷൻ എന്ന സിനിമക്ക് ഈ സിനിമയുമായി ഒരു ബന്ധവുമില്ലെന്നും സംവിധായകൻ പറയുന്നു. സിനിമാ പോസ്റ്ററിന് പിന്നിലെ വര കഥയും പവി ശങ്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മഹാന്മാരെ, ജീംബൂംബായുടെ പോസ്റ്റർ വിവാദത്തിലേക്ക് സ്വാഗതം. പോസ്റ്റർ റിലീസ് ചെയ്ത ദിവസം തന്നെ ഞാൻ പറഞ്ഞതാണ് ഇത് പൂർണമായും പൾപ്പ് ഫിക്ഷൻ എന്നുള്ള സിനിമയുടെ പ്രശസ്തമായ ഒരു സീനിൽ നിന്നും എടുത്തിട്ടുള്ളത് എന്ന്. ഒരു ഫ്രെയിം വീണ്ടും പുനസൃഷ്ടികുന്നത് മോശമായി ഞാൻ കാണുന്നില്ല. പിന്നെ ആശയ ദാരിദ്ര്യം കാരണം ചെയ്തത് എന്ന് ഉറപ്പിച്ച് പറഞ്ഞ ആൾകാർ വരെ ഉണ്ട്. ഒന്ന് പറയട്ടെ. ഒരു സിനിമയുടെ പബ്ലിസിറ്റി അതിനകത്ത് ആളെ കയറ്റാൻ വേണ്ടി ആണ്. അതിൽ എന്റെ എല്ലാ കുതന്ത്രങ്ങളും ഞാൻ ഉപയോഗിച്ചെന്ന് വരും. ശെരിയാണ്. നിങ്ങള് ആണല്ലോ തീരുമാനിക്കുന്നത് എന്ത് ചെയ്യണം, ആരു വീട്ടിലിരിക്കണം, ആരു അഭിനയിക്കണം എന്നൊക്കെ. പിന്നെ അസ്‌കർ അലി, ചങ്ങായി എന്തോ ആയിക്കോട്ടെ, പരിമിതികൾ ഇല്ലാത്ത ആൾക്കാരില്ലല്ലോ. നമ്മുടെ ഇൗ സിനിമയ്ക്ക് ഒരു സൂപ്പർ താരങ്ങളും വന്ന് നിന്നിട്ട് ദേ എന്നെ വെച്ച് പടം ചെയ്തോളൂ എന്നും പറഞ്ഞിട്ടില്ല. പിന്നെ കുറ്റപ്പെടുത്തൽ പുച്ഛം തുടങ്ങിയവ പ്രകടിപ്പിക്കുന്ന സുഹൃത്തുകളെ, നിങ്ങളാരും ഞങ്ങളെ സമീപിച്ച് വരൂ നിങ്ങളുടെ പടം ഞങ്ങൾ നല്ല ഒന്നാം നമ്പർ നടന്മാരെ വെച്ച് produce ചെയ്ത് തരാം എന്നും പറഞ്ഞില്ല. നിങ്ങളൊക്കെ ചാൻസ് നോക്കി നടക്കുന്ന അതെ അവസ്ഥ തന്നെയാണ് ഒരു സിനിമ ഉണ്ടായി വരുന്നതും. പണ്ട് മോഹൻലാൽ അഭിനയിച്ച "പെരുച്ചാഴി" എന്ന സിനിമയുടെ പോസ്റ്ററിൽ ലാലേട്ടൻ സൂപ്പർമാൻന്റെ കോസ്റ്റ്യും ഇട്ടും അജു വർഗീസ് അവതാരിന്റെ രൂപത്തിൽ വന്നപ്പോൾ ഒന്നും നിങ്ങൾക്ക് സംശയം ഇല്ലാതിരുന്നത് എന്ത് കൊണ്ടാണ് ? പോപ്പുലർ ആയിട്ടുള്ള പല സംഭവങ്ങളും വെച്ച് പോസ്റ്ററുകൾ ഒരുപാട് വന്നിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ പോസ്റ്റർ ഇന്ന് ഇത്രേം റീച്ച് ആയതും അത്കൊണ്ട് തന്നെ ആണ്. പിന്നെ തലവെട്ടി കാലു വെട്ടി എന്ന് പറയുന്നവരോട്, ഇത് മുഴുവൻ ഡിജിറ്റൽ പൈന്റിങ് ആണ്. പൾപ്പ് ഫിക്ഷന്റെ poster web quality മാത്രം ഉള്ളതാണ്. ഞങ്ങൾക്ക് ഇത് പ്രിൻറ് ചെയ്യണമെങ്കിൽ അത് പോരാ. ഫിലിം പോസ്റ്റർ ചെയ്യുന്നവർക്ക് മനസ്സിലാകും. അത്കൊണ്ട് മുഴുവൻ ഫോട്ടോഷോപ്പിൽ ചെയ്ത് ഉണ്ടാക്കിയതാണ്. ചില ഇമേജുകൾ താഴെ ചേർക്കുന്നു. എല്ലാം തികഞ്ഞ ആൾക്കാർക്ക് മനസ്സിലാകുമോ എന്നറിയില്ല. വീണ്ടും പറയുന്നു. വളരെ ബോധപൂർവം ചെയ്ത ഒരു പോസ്റ്റർ തന്നെയാണ് ഇത്. The same pulp fiction !

Similar Posts