“ഫഹദ് നമുക്കിടയിലൊരു വരത്തനായപ്പോള്‍...” വരത്തന്‍, റിവ്യു വായിക്കാം
|കാര്‍ബണിന് ശേഷം ഫഹദ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകത സിനിമ പ്രേമികള്‍ക്കിടയില്‍ വരത്തന്‍ എന്ന അമല്‍ നീരദ് ചിത്രത്തിന് നല്‍കിയ പ്രതിക്ഷകള്‍ ചെറുതായിരുന്നില്ല
ദുബൈയിലെ ജോലി നഷ്ടമായതിന് ശേഷം എബിന്‍ എന്ന യുവാവ് ഭാര്യ പ്രിയയോടൊപ്പം കേരളത്തിലേക്ക് പുറപ്പെടുന്നു. ജോലി നഷ്ടമായതിനൊപ്പം ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിത തിരിച്ചടികളും മറക്കാനാണ് പ്രിയയുടെ പപ്പയുടെ പഴയ ഗസ്റ്റ് ഹൗസിലേക്ക് കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കാന്‍ അവരെത്തുന്നത്. എന്നാല്‍ അവിടെ അതിനേക്കാള്‍ മോശപ്പെട്ട അനുഭവങ്ങളാണ് അവരെ കാത്തിരുന്നിരുന്നത്.
കാര്‍ബണിന് ശേഷം ഫഹദ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകത സിനിമ പ്രേമികള്‍ക്കിടയില്‍ വരത്തന്‍ എന്ന അമല്‍ നീരദ് ചിത്രത്തിന് നല്‍കിയ പ്രതിക്ഷകള്‍ അസ്ഥാനത്തായില്ല. അതിനെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ആവര്‍ത്തന വിരസമല്ലാത്ത രീതിയില്‍ ഫഹദ് എബിനെ മനോഹരമാക്കി. എബിന്‍റെ ലോകം ഭാര്യ പ്രിയയാണ്. അത് കൊണ്ട് തന്നെ കേന്ദ്ര കഥാപാത്രമായ എബിന്‍റെ ലോകത്ത് നിന്ന് വിട്ട് മാറാതെ കഥ പറയാന്‍ സംവിധായകന് സാധിച്ചു. പരിമിതമായ സ്ഥലത്ത് നടക്കുന്ന കഥ ചില സ്ഥലങ്ങളില്‍ ഉള്‍വലിയുന്നുണ്ടെങ്കിലും കഥ പറയുന്ന രീതി അതിനെ പൊരുത്തപ്പെടുത്തുന്നു. താന്‍ അനുഭവിക്കുന്ന മാനസിക സങ്കര്‍ഷങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എബിന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. പക്ഷെ, അത് പുറത്ത് കാണിക്കേണ്ട അവസ്ഥ യാദൃശ്ചികമായി വന്നു ചേരുന്നു. അടിച്ചമര്‍ത്തപ്പെട്ട ധാര്‍മ്മിക രോഷം പുറത്ത് വരുമ്പോള്‍ അത് ഭയാനകമായിരിക്കും എന്ന വിശാല തത്വം വരത്തനിലും പ്രകടമാവുന്നു.
മായാനദിക്ക് ശേഷം സ്വതസിദ്ധമായ അഭിനയത്തിലൂടെ ഐശ്വര്യ ലക്ഷ്മി പ്രിയ എന്ന കഥാപാത്രത്തെ തന്‍റേത് മാത്രമാക്കി. ദിലീഷ് പോത്തന്‍, ഷറഫുദീന്‍, അര്‍ജുന്‍ അശോകന്‍ എന്നീ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. പറവക്ക് ശേഷം ലിറ്റില്‍ സ്വയമ്പ് ഛായാഗ്രഹകനാകുന്ന ചിത്രം സാധാരണ അമല്‍ നീരദ് ചിത്രങ്ങളെന്ന പോലെ ദൃശ്യ ഭംഗിക്ക് പ്രാധാന്യം നല്‍കുന്നതാണ്. പതിവിന് വിപരീതമല്ലാത്ത രീതിയില്‍ ഷോട്ട് സെലക്ഷനും പശ്ചാത്തല സംഗീതവും ആക്ഷന്‍ രംഗങ്ങളും അമല്‍ നീരദ് എന്ന സംവിധായകന്‍ പ്രേക്ഷകന് ആസ്വാദ്യമാകുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അവസാന 15 മിനിറ്റിലെ വേഗതയേറിയ കഥാസന്ദര്‍ഭങ്ങള്‍ സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന് നല്ലൊരു ആക്ഷന്‍ അനുഭവം സമ്മാനിക്കുന്നു.
കഥയിലെ പോരായ്മകള്‍ സിനിമയില്‍ നിഴലിച്ച് നില്‍ക്കുന്നു. ദുബൈ പോലുള്ള വലിയൊരു നഗരത്തില്‍ നിന്നും കേരളത്തിലെ ഒരു നാട്ടിന്‍പുറത്തേക്ക് താമസം മാറുന്ന കഥാപാത്രങ്ങള്‍ അവിടെ ഒരു നല്ല നാട്ടുകാരനെപ്പോലും കണ്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു. ആദ്യ പകുതി ബില്‍ഡ് അപ്പുകളില്‍ മാത്രമായി ഒതുങ്ങിയതിനാല്‍ സിനിമയുടെ ഒഴുക്കിനെ അത് ബാധിച്ചു. കഥയില്‍ കയറ്റിറക്കങ്ങള്‍ കുറവായതിനാല്‍ നേരെ മാത്രം കഥ പറയുന്ന സംവിധാന രീതി പലപ്പോഴും കല്ലുകടിയായി. ഒരു വരത്തന്‍ നാട്ടിലേക്ക് വരുമ്പോള്‍ നാട്ടുകാര്‍ അതിനെ നോക്കികാണുന്ന രീതി കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന സമ്പ്രദായമായതിനാല്‍ മുഴുനീളന്‍ സ്റ്റീരിയോടൈപിങ്ങ് ഒഴിവാക്കി കുറച്ച് വ്യത്യസ്തത നല്‍കാമായിരുന്നു.
അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് വിവേക് ഹര്‍ഷനും കൈകാര്യം ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ പ്രേക്ഷകരെ അമ്പേ നിരാശപ്പെടുത്താത്ത ഒരു സിനിമയാണ് വരത്തന്‍. സാങ്കേതികത്വത്തില്‍ എന്നും പരീക്ഷണങ്ങള്‍ നടത്തുന്ന സംവിധായകന്‍ അമല്‍ നീരദിന്‍റെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് വരത്തന്‍. ആക്ഷന്‍ ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും വരത്തന്‍ ഒരു നല്ല ചലച്ചിത്ര അനുഭവമായിരിക്കും