പൃഥ്വിരാജിന് ഹിറ്റ് ഡയലോഗിലൂടെ റഹ്‌മാന്റെ പരോക്ഷ മറുപടി
|രണം വലിയ വിജയമായിരുന്നില്ലെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ റഹ്‌മാന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൃഥ്വിരാജിനെ പേരെടുത്ത് പറയാതെയുള്ള റഹ്‌മാന്റെ പ്രതികരണം. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകനി’ലെ ഹിറ്റ് ഡയലോഗിലൂടെയാണ് റഹ്‌മാന്റെ മറുപടി.
റഹ്‌മാന്റെ പോസ്റ്റ് വായിക്കാം
ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്.
ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും.
ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു..., അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ...അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി,
എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാൻ പിടയും.