മണാലിയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി തമിഴ് സിനിമാ ഷൂട്ടിംഗ് സംഘം; നടന്‍ കാര്‍ത്തിയെ രക്ഷപ്പെടുത്തി
|കാര്‍ത്തിയെ രക്ഷപ്പെടുത്തിയെങ്കിലും നൂറോളം അണിയറ പ്രവര്‍ത്തകര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഹിമാചല്‍പ്രദേശില്‍ നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മണാലി പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മലയാളികളടക്കം നിരവധി പേര്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഷൂട്ടിംഗിനെത്തിയ തമിഴ് താരം കാര്‍ത്തിയും സംഘത്തിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. കാര്‍ത്തിയെ രക്ഷപ്പെടുത്തിയെങ്കിലും നൂറോളം അണിയറ പ്രവര്‍ത്തകര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം, താന്‍ സുരക്ഷിതനാണെന്ന് കാര്‍ത്തി പറയുന്നു. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കാര്‍ത്തി കുടുങ്ങിയിരുന്നു. ഇന്നലെ രാത്രിയോടെ കാര്‍ത്തി സുരക്ഷിസ്ഥാനത്തേക്ക് മാറ്റി. ആറു ദിവസം മുന്‍പാണ് മഴയിലും മഞ്ഞിലും ചിത്രീകരിക്കേണ്ട ചില സീനുകളുടെ ഷൂട്ടിങ്ങിനായി കാര്‍ത്തിയും സംഘവും മണാലിയില്‍ എത്തുന്നത്. ദേവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വെള്ളത്തിലായി. മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങികിടന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതു കാരണം ഹില്‍സ്റ്റേഷനിലെ ലൊക്കേഷനിലേക്ക് പോകാന്‍ കഴിയാതെ കാര്‍ത്തി തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
റോഡ് ഗതാഗതം തകരാറിലായതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂറോളമാണ് താന്‍ കാറില്‍ കുടുങ്ങി കിടന്നതെന്നും കാര്‍ത്തി പറയുന്നു. ഒരു ആശയവിനിമയത്തിനും സാധ്യമല്ലാതെ ഇപ്പോഴും സംവിധായകന്‍ അടക്കമുള്ള 140 പേര്‍ മലമുകളിലെ ലൊക്കേഷനില്‍ കുടുങ്ങികിടക്കുകയാണെന്നും കാര്‍ത്തി പറയുന്നു.