Entertainment
ഹൃദയങ്ങള്‍ കീഴടക്കിയ മധുരശബ്ദം; 92ന്‍റെ നിറവില്‍ വാനമ്പാടി
Entertainment

ഹൃദയങ്ങള്‍ കീഴടക്കിയ മധുരശബ്ദം; 92ന്‍റെ നിറവില്‍ വാനമ്പാടി

Web Desk
|
28 Sep 2021 9:24 AM GMT

1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. 

ബോളിവുഡ് സംഗീതം എന്നാല്‍ ലതാ മങ്കേഷ്കര്‍ എന്ന പേരിലേക്ക് മാത്രം ഒതുങ്ങിയൊരു കാലമുണ്ടായിരുന്നു. തന്‍റെ മാന്ത്രിക ശബ്ദത്തിലൂടെ അവര്‍ ബോളിവുഡിനെ എവിടേക്കും ഒഴുകാതെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലതാജി എന്ന് പറഞ്ഞാല്‍ ഹിന്ദി സിനിമാലോകത്തിന് മാത്രമല്ല, ഭാരതത്തിന് മുഴുവന്‍ സംഗീതമാണ്. അതുകൊണ്ടാണ് ആ മാസ്മരിക ശബ്ദത്തെ വാനമ്പാടി എന്ന് പേരിട്ട് വിളിച്ചത്. ഇന്ന് സെപ്തംബര്‍ 28 ലതാജിയുടെ 92ാം പിറന്നാളാണ് ഇന്ന്.

ഗായക ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ലത ജനിച്ചത്. ലത മങ്കേഷ്കറിന്റെ‍ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്‍റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേര് ലത എന്നാക്കി മാറ്റുകയാണുണ്ടായത്. ദീനനാഥിന്‍റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കുകയും ചെയ്തു.

പിതാവിൽ നിന്നാണ്‌ ലത, സംഗീതത്തിന്‍റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസില്‍ പിതാവിന്‍റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.

1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആശാ ഭോസ്‍ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. മലയാളത്തില്‍ കദളി ചെങ്കദളി എന്ന് തുടങ്ങുന്ന പാട്ട് ലതാജി പാടിയിട്ടുണ്ട്.

1999-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.2001-ലാണ്‌ ഭാരതരത്നം ലഭിച്ചത്. പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്.

Similar Posts