ബോബി സിംഹ ഇനി വേലുപ്പിള്ള പ്രഭാകരൻ; ‘ദ റേജിങ്ങ് ടൈഗര്‍’ നിർമ്മിക്കുന്നത് സ്റ്റുഡിയോ 18
|എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു. ബോബി സിംഹ നായകനാകുന്ന 'ദ റേജിങ്ങ് ടൈഗര്‍ ' വെങ്കിടേഷ് കുമാര്‍ സംവിധാനം ചെയ്യും. സ്റ്റുഡിയോ 18 ആണ് ചിത്രം നിർമിക്കുന്നത്. മുൻപ് ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തെപ്പറ്റി ചര്‍ച്ച ചെയ്ത വെങ്കിടേഷിന്റെ മുന്‍ ചിത്രമായ ' നീലം' തമിഴ്നാട് സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.
വേലുപ്പിള്ള പ്രഭാകരന്റെ ജനനം മുതല്‍ തമിഴ് പുലിയായി പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നതു വരെയുള്ള ജീവിതം സിനിമ ചര്‍ച്ച ചെയ്യും. എട്ട് വര്‍ഷം നീണ്ട മുന്നൊരുക്കങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വെങ്കിടേഷ് കുമാര്‍ ചിത്രവുമായി മുന്നോട്ട് വരുന്നത്. ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംവിധായകൻ ബാലു മഹേന്ദ്രയുടെ ശിഷ്യനാണ് സംവിധായകൻ വെങ്കിടേഷ് കുമാര്‍.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം തകരും എന്ന ഭയം കൊണ്ടാണ് 'നീലത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതിരുന്നത്. ആ വിലക്കാണ് പുതിയ സിനിമയിലേക്ക് എത്തിച്ചതെന്നും പ്രഭാകരന്റെ സ്വകാര്യ ജീവിതം സിനിമയാക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് കരുതുന്നതായും സംവിധായകന്‍ പറഞ്ഞു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ പേട്ടയിലാണ് ബോബി സിംഹ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിക് സംവിധാനം ചെയ്ത ജിഗര്‍തണ്ട എന്ന ചിത്രത്തിലെ അഭിനയത്തന് ബോബി സിംഹക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സാമി 2 ആണ് സിംഹയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ ദിലീപിന്റെ കമ്മാരസംഭവത്തിൽ ബോബി സിംഹ അഭിനയിച്ചിട്ടുണ്ട്.