അടൂര്‍ ഭാസിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ സിനിമകളില്‍ നിന്നും ഒഴിവാക്കി: കെ.പി.എ.സി ലളിത
|മലയാള സിനിമയില്‍ പുരുഷാധിപത്യവും ചൂഷണവും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെയുണ്ടെന്ന് കെ.പി.എ.സി ലളിത
സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന കാലമാണിത്. ഹോളിവുഡില്‍ തുടങ്ങി ബോളിവുഡും കടന്ന് മലയാളത്തിലും വെളിപ്പെടുത്തലുകളുണ്ടാകുന്നു. മലയാള സിനിമയില്‍ പുരുഷാധിപത്യവും ചൂഷണവും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെയുണ്ടെന്ന് കെ.പി.എ.സി ലളിത പറയുന്നു. നടന്‍ അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ കേരള കൌമുദി പ്രസിദ്ധീകരണമായ ഫ്ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കെ.പി.എ.സി ലളിത വിശദീകരിച്ചു.
"ഭാസി അണ്ണന്‍റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീര്‍ സാറിനേക്കാള്‍ സ്വാധീനം അടൂര്‍ ഭാസിക്കായിരുന്നു. ഒരിക്കല്‍ വീട്ടില്‍ കയറി വന്ന് ഭാസി ചേട്ടന്‍ മദ്യപിക്കാന്‍ തുടങ്ങി. ഞാനും ജോലിക്കാരിയും എന്റെ സഹോദരനും വീട്ടില്‍ ഉണ്ടായിരുന്നു. അന്ന് അവിടെയിരുന്നു മദ്യപിച്ചു. രാത്രി മുഴുവനും അവിടെയിരുന്ന് തെറി വിളിച്ചു കൊണ്ടിരുന്നു. ഛര്‍ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടന്‍ ബഹദൂര്‍) എത്തിയാണ് കൊണ്ടുപോയത്. വീണ്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കി. അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ആ സ്ഥാനത്തിനിരിക്കാന്‍ എന്ന് ഉമ്മറിക്കയോട് ചോദിക്കേണ്ടിവന്നു", കെ.പി.എ.സി ലളിത പറഞ്ഞു.
അടൂര്‍ ഭാസിയെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമേ ആളുകള്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആളായിരുന്നു ഭാസിയെന്നും ലളിത പറഞ്ഞു.