Entertainment
‘ഫ ഫോർ ഫാന്റം’  ഇനിയില്ല  ; ഇന്ത്യയിലെ ആദ്യ സംവിധായക കമ്പനി  വഴി പിരിഞ്ഞു 
Entertainment

‘ഫ ഫോർ ഫാന്റം’ ഇനിയില്ല ; ഇന്ത്യയിലെ ആദ്യ സംവിധായക കമ്പനി വഴി പിരിഞ്ഞു 

Web Desk
|
6 Oct 2018 3:46 PM GMT

ഇന്ത്യയിലെ ആദ്യ സംവിധായക കമ്പനിയായ ഫാന്റം ഫിലിംസ് വഴി പിരിഞ്ഞു. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന, വികാസ് ബാൽ എന്നിവരടങ്ങുന്ന സംവിധായകരാണ് ഏഴ് വർഷങ്ങൾക്ക് മുൻപ് ഫാന്റം ഫിലിംസ് ആരംഭിച്ചത്. 2011 ൽ ആരംഭിച്ച ഫാന്റം ഫിലിംസ് എണ്ണമറ്റ മികച്ച സിനിമകൾ നിർമിച്ച് ബോളിവുഡിലെ മികച്ച നിർമ്മാണ കമ്പനിയായി പേരെടുത്തതാണ്. ക്വീൻ, മസാൻ , ലൂട്ടര, ഉട്താ പഞ്ചാബ് എന്നീ സിനിമകൾക്ക് പിന്നില്‍ ഫാന്റം ഫിലിംസാണ്.

നാല് സംവിധായകരും ഇനി അവരുടേതായ സ്വതന്ത്ര സ്വപ്നങ്ങളുമായി മുന്നോട്ട് പോവുമെന്ന് സംവിധായകൻ അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന എന്നിവർ ഔദ്യോഗികമായി തന്നെ വേർപിരിഞ്ഞതിനെ കുറിച്ച് ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. ആരോഗ്യമാർന്ന തിളങ്ങുന്ന ഏഴ് വർഷത്തിന് വിരാമം എന്ന് മൂന്ന് പേരും കുറിച്ചു.

‘ഞാനും വികാസും ,മധുവും, അനുരാഗും ഫാന്റം കമ്പനിയിൽ നിന്നും വഴി പിരിഞ്ഞ് ഞങ്ങളുടേതായ സ്വതന്ത്ര വഴിയിൽ മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു. ആവേശം നിറഞ്ഞ, മികച്ച യാത്രയായിരുന്നു ഞങ്ങളുടേത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കൂട്ടുകെട്ട്, ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ഇവർ മൂന്ന് പേരും കുടുംബം പോലെ എന്നോട് കൂടെ ഒരുമിച്ച് നിന്നു. കഴിഞ്ഞ ഏഴ് വർഷത്തെ സ്നേഹത്തിനും കൂട്ട് കെട്ടിനും എങ്ങനെ നന്ദി പറയണമെന്നറിയില്ല. അവരുടെ ഒറ്റക്കുള്ള യാത്രക്ക് നല്ലത് മാത്രം ആശംസിക്കുന്നു. ഭാവിയിൽ ഇനിയും ഒരുമിച്ച് ചേരുമെന്ന് പ്രതീക്ഷിക്കുന്നു'; വിക്രമാദിത്യ മോട്വാനെ പറയുന്നു.

‘ഫാന്റം ഞങ്ങളുടെ മനോഹര സ്വപ്നമായിരുന്നു, എല്ലാ സ്വപ്നത്തിനും ഒരു അവസാനമുണ്ടാകും. ഞങ്ങൾ ഞങ്ങളുടെ മികച്ചത് കാണിച്ചു. ഞങ്ങൾ വിജയിക്കുകയും, പരാജയപ്പെടുകയും ചെയ്തു. പക്ഷെ ഒരു കാര്യം സത്യമാണ്, ഞങ്ങളെല്ലാം ശക്തരും ബുദ്ധിമാന്മാരുമാണ്. ഇനിയും ഞങ്ങളുടേതായ പാതയിൽ ഞങ്ങൾ സ്വപ്നങ്ങൾ കീഴടക്കും. എല്ലാവർക്കും മികച്ചത് ആശംസിക്കുന്നു'; അനുരാഗ് കശ്യപ് പത്രക്കുറിപ്പിൽ കുറിച്ചു.

‘ഏഴ് വർഷത്തെ തിളങ്ങുന്ന യാത്രയായിരുന്നു അത്. ചില സമയം കല്യാണങ്ങളും വേർപിരിയലിൽ അവസാനിക്കുമല്ലോ. എന്റെ നിർമാണ ചരിത്രത്തിലെ ഏറ്റവും മികച്ചതാണ് ഫാന്റം സംഭവിച്ചത്. അനുരാഗിനോടും, വിക്രമിനോടും, വികാസിനോടും ഈ നല്ല കൂട്ടുകെട്ടിന് നന്ദി പറയുന്നു. ഇരുണ്ട സമയത്തും ക്ഷമയോടെ കൈ പിടിച്ച് നടത്തിയതിന് നന്ദി. ഇനിയും കൂട്ടുകാരായി തന്നെ വരും നാളിലും പരസ്പരം സിനിമകൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കുന്നു'; മധു മൻടെന വികാരനിർഭരമായി പ്രതികരിച്ചു

ഫാന്റം വഴി പിരിഞ്ഞെങ്കിലും ഇനിയുള്ള യാത്രയിലും ഒരുമിച്ച് കൂട്ട് ചേരുമെന്ന് മൂന്ന് പേരും പ്രതികരിച്ചു.റിലയൻസിന് കീഴിൽ തുടർന്നും സ്വതന്ത്രമായി മൂന്ന് പേരും പ്രവർത്തിക്കും

Similar Posts