മീ ടുവില്‍ കുടുങ്ങി മുകേഷ് എം.എല്‍.എയും; ആരോപണവുമായി യുവതി രംഗത്ത്
|ചാനല്‍ പ്രവര്‍ത്തകയും കാസ്റ്റിംഗ് ഡയറക്ടറുമായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്
മീ ടു ക്യാമ്പയിനില്‍ എം.എല്‍.എ മുകേഷിനെതിരെയും ആരോപണം. ചാനല്‍ പ്രവര്‍ത്തകയും കാസ്റ്റിംഗ് ഡയറക്ടറുമായ യുവതിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചാനല്‍ പരിപാടിക്കിടെ മുകേഷ് ശല്യം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്നും ട്വീറ്റില്‍ പറയുന്നു.
സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും യുവതി വെളിപ്പെടുത്തുന്നു. തന്റെ മേലധികാരിയായിരുന്ന ഇപ്പോള്‍ രാജ്യസഭ എം.പിയായ ഡെറക് ഒബ്രയാനോട് കാര്യം സംസാരിക്കുകയും അടുത്ത വിമാനത്തില്‍ തന്നെ അവിടെ നിന്ന് മാറ്റിയെന്നും ടെസ് ജോസഫ് വിശദീകരിക്കുന്നു. മുകേഷിന്റെ ഫോട്ടോയും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആരോപണത്തോട് നേരിട്ട് പ്രതികരിക്കാന്‍ മുകേഷ് തയ്യാറായിട്ടില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്ന് കോടിയേരിയും ഗൌരവമുള്ള ആരോപണമാണ് ഉയര്‍ന്നിരുക്കുന്നതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു
അതേ സമയം, മി ടു കാമ്പൈനില്‍ ആരോപണവിധേയനായ എം.എല്‍.എ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലത്ത് പ്രവര്‍ത്തകര്‍ മുകേഷിന്റെ കോലം കത്തിച്ചു. മുകേഷിന്റെ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന ആരോപണവുമായി കൂടുതല്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ഇതിനിടെ രംഗത്തെത്തി.