രണ്ടാമൂഴം സിനിമയാക്കുന്നതില്‍ തടസ ഹരജിയുമായി എം.ടി കോടതിയില്‍
|സിനിമയുടെ ചിത്രീകരണം കരാര്‍ കാലാവധി കഴിഞ്ഞും അനന്തമായി നീളുന്നതിനെത്തുടര്‍ന്നാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്
പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ തടസ ഹരജിയുമായി എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചു. കരാര്‍ കാലാവധി അവസാനിച്ചിട്ടും ചിത്രീകരണം തുടങ്ങാത്തതിനെത്തുടര്‍ന്നാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ തിരക്കഥ തിരികെ നല്‍കണമെന്നും ഹരജിയില്‍ എം.ടി ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ പ്രശസ്ത നോവലായ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് അനന്തമായി നീണ്ടുപോയതിനാലാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരകെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കാമെന്നും ഹരജിയില്‍ പറയുന്നു.
രണ്ടാമൂഴം സിനിമയാക്കുന്നതിനായി നാലു വര്‍ഷം മുമ്പാണ് എം ടി ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്.ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുളള തിരക്കഥകളും ഇതിനു പിന്നാലെ കൈമാറി. മൂന്നു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങാമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടെങ്കിലും ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. ഇതിനു ശേഷവും ചിത്രീകരണം അനന്തമായി നീണ്ടതിനെത്തുടര്‍ന്നാണ് എം.ടി കോടതിയെ സമീപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഭീമന്റെ റോളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് 1000 കോടി രൂപയായിരുന്നു ബജറ്റ് നിശ്ചയിച്ചിരുന്നത്. പ്രവാസി വ്യവസായിയായിരുന്ന ബി.ആര്‍ ഷെട്ടിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.