മീടൂ മലയാള സിനിമയിലേക്ക്? ഡബ്ലിയു.സി.സി വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്ന് എന്‍.എസ് മാധവന്‍
|ലോകത്തെ പിടിച്ചുലച്ച മീടു ക്യാമ്പയിന്‍ പടരുന്നതിന് പിന്നാലെ മലയാള സിനിമയിലും സംഭവം വന്‍ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യത. സാഹിത്യകാരന്‍ എന്‍.എസ് മാധവനാണ് ഇങ്ങനെയൊരു സൂചന നല്‍കുന്നത്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ടു മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. നാല് മണിക്കുള്ള ഡബ്ലിയു.സി.സി വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്ന് എറണാകുളത്തെ മാധ്യമസുഹൃത്തുക്കളോട് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്.
രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. താരസംഘടനയായ അമ്മയില്‍നിന്നു കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
Journalist friends in Ernakulam, don’t skip WCC press meet today at 4 pm, at Ernakulam Press Club. A little bird says this could be big. #Metoo
— N.S. Madhavan (@NSMlive) October 13, 2018
താരസംഘടനയായ അമ്മയിലെ പ്രധാനിയും സിപിഎം എം.എല്‍.എയുമായ മുകേഷിന്റെ പേരാണ് മലയാള സിനിമയില്‍ നിന്ന് മീടുവിലൂടെ പുറത്തുവന്നത്. ഇത് വന്‍ വിവാദമാവുകയും ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. ഈ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടുമില്ല. വരും നാളുകളിലും മലയാള സിനിമാരംഗത്ത് നിന്ന് മീടുവിലൂടെ ചില പേരുകള്‍ കൂടി പുറത്തുവരുമെന്ന് പ്രചരിച്ചിരുന്നു. ഇങ്ങനെയൊരു പശ്ചാതലത്തിലാണ് ഡബ്ലിയു.സി.സി യോഗം ചേരുന്നത്.