മീ ടൂ: വിന്ദ നന്ദക്കെതിരെ അപകീര്‍ത്തി കേസുമായി ആലോക് നാഥ്
|90കളിൽ താര എന്ന ടെലിവിഷൻ ഷോയിൽ ജോലി ചെയ്യവെ ആലോക് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു എഴുത്തുകാരിയും ടെലിവിഷൻ പരിപാടികളുടെ സംവിധായികയുമായ വിന്ദ നന്ദ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
തനിക്കെതിരെ മീ ടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ വിന്ദ നന്ദക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് നടന്‍ ആലോക് നാഥ്. 90കളിൽ താര എന്ന ടെലിവിഷൻ ഷോയിൽ ജോലി ചെയ്യവെ ആലോക് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു എഴുത്തുകാരിയും ടെലിവിഷൻ പരിപാടികളുടെ സംവിധായികയുമായ വിന്ദ നന്ദ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
ആലോകിന്റെ വീട്ടിൽ നിന്ന് ഒരു പാർട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടുമണിക്ക് വീട്ടിലേക്ക് നടക്കവെയാണ് സംഭവമുണ്ടായയതെന്ന് വിന്ദ പോസ്റ്റിൽ പറയുന്നു. താൻ കുടിച്ച പാനീയത്തിൽ എന്തോ കലർത്തിയിരുന്നെന്നും ക്ഷീണിതയായിരുന്നെന്നും അവർ പറയുന്നു. ഇടക്കു വെച്ച് ആലോക് കാറുമായി വന്നു. താൻ അയാളെ വിശ്വസിച്ച് കാറിൽ കയറി. പിന്നീട് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു വിന്ദയുടെ വെളിപ്പെടുത്തല്‍.
ഭീഷണിപ്പെടുത്തി പലപ്പോഴും ആലോക് തന്നെ ലൈംഗികമായി കീഴ്പ്പെടുത്തിയെന്നും വിന്ദ നന്ദ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താര എന്ന ഷോ സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിന്മാറാൻ ശ്രമിച്ചുവെങ്കിലും അത് നടക്കുകയുണ്ടായില്ലെന്നും അവർ പറഞ്ഞു. സംഭവം വിവാദമായതോടെ വിന്ദക്കെതിരെ അപകീര്‍ത്തി കേസ് കൊടുത്തിരിക്കുകയാണ് ആലോക്.