‘മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല, സര്‍ക്കാര്‍ ഇരയോടൊപ്പം’
|സാമൂഹ്യമാധ്യമങ്ങളിലെ വെളിപ്പെടുത്തൽ മാത്രം നോക്കി മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
നടനും എം.എൽ.എയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ, സർക്കാർ ആരെയും സംരക്ഷിക്കാൻ ശ്രമിക്കില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. മുകേഷിന് മാത്രമായി ഇവിടെയൊരു പ്രത്യേക നിയമമില്ലെന്നും, പരാതിക്കാർ നിയമപരമായി നീങ്ങിയാൽ അവർക്കൊപ്പമായിരിക്കും സര്‍ക്കാര്‍ നിലകൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
ഡബ്ല്യു.സി.സി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്
ഗൗരവതരമായ വിഷയമാണ്. സർക്കാർ എപ്പോഴും ഇരയോടൊപ്പമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. പത്തൊമ്പത് വർഷം മുമ്പ് ‘കോടീശ്വരൻ’ എന്ന ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടൻ മുകേഷ് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് ആണ് രംഗത്തു വന്നത്.
പ്രോഗ്രാം ഷൂട്ട് ചെയ്യുന്നതിനിടെ മുകേഷ് തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്ല്യപ്പെടുത്തിയെന്നും, താൻ താമസിച്ചിരുന്ന മുറി മുകേഷിന്റെ മുറിയുടെ തൊട്ടടുത്തേക്ക് മാറ്റാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. എന്നാൽ സാമൂഹ്യമാധ്യമങ്ങളിലെ വെളിപ്പെടുത്തൽ മാത്രം നോക്കി മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.