Entertainment
ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറി; പേടിച്ചാണ് ജീവിക്കുന്നത്, പക്ഷേ പിന്നോട്ടില്ല: പാര്‍വതി
Entertainment

ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറി; പേടിച്ചാണ് ജീവിക്കുന്നത്, പക്ഷേ പിന്നോട്ടില്ല: പാര്‍വതി

Web Desk
|
18 Oct 2018 4:41 AM GMT

നിലപാടുകള്‍ തുറന്നുപറയുന്നതിനാല്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം നഷ്ടമാകുന്നുണ്ടെന്ന് നടി പാര്‍വതി.

നിലപാടുകള്‍ തുറന്നുപറയുന്നതിനാല്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം നഷ്ടമാകുന്നുണ്ടെന്ന് നടി പാര്‍വതി. ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് തുറന്നുപറയുന്ന ബോളിവുഡിലെ കലാകാരികള്‍ക്ക് നിര്‍മാതാക്കളും നിര്‍മാണ കമ്പനികളും ഉള്‍പ്പെടെ പിന്തുണ നല്‍കുന്നു. എന്നാല്‍ കേരളത്തില്‍ പ്രതികരിക്കുന്ന നടിമാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീയെ മോശം സ്ത്രീയായാണ് ഇവിടെ ചില സംവിധായകരും നിര്‍മാതാക്കളും ചിത്രീകരിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

തനിക്ക് നിലവില്‍ ഒരു സിനിമ മാത്രമാണുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നിട്ടാണ് ഈ അവസ്ഥ. എം.ബി.എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് അമ്മ പറയുന്നുണ്ട്. ഡബ്ല്യു.സി.സിയുടെ ഭാഗമായതു മുതല്‍ തങ്ങളോട് സംസാരിക്കുന്നതിന് പോലും സിനിമയിലുള്ളവര്‍ക്ക് വിലക്കുണ്ടെന്നും പാര്‍വതി വെളിപ്പെടുത്തി.

കേരളത്തിന്‍റെ പുരോഗമനം കടലാസ്സില്‍ മാത്രമാണ്. ഏറ്റവും മോശമായ കാര്യം താരാരാധനയാണ്. ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറിയിരിക്കുന്നു. സൈബര്‍ ആക്രമണം, ബലാത്സംഗ ഭീഷണി, വധഭീഷണി.. എതിര്‍ത്താല്‍ എന്തും സംഭവിക്കും. പേടിച്ചാണ് കഴിയുന്നത്. തുറന്നുപറയുന്നതിന്‍റെ പേരില്‍ വീട് അഗ്നിക്കിരയാക്കുക വരെ ചെയ്തെന്ന് വരും. എന്തുവന്നാലും പിന്മാറില്ല. സിനിമയിലെ പല സ്ത്രീകളും ജീവിക്കാന്‍ വേറെ വഴിയില്ലാത്തുകൊണ്ടാണ് നിശബ്ദരായിരിക്കുന്നത്. വൃന്ദ ഗ്രോവറിനെ പോലുള്ള സുപ്രീംകോടതി അഭിഭാഷകര്‍ നിയമസഹായവുമായി കൂടെയുണ്ടെന്നും പാര്‍വതി പറഞ്ഞു.

Similar Posts