ലൈംഗിക അതിക്രമം നടത്തിയവരോടൊന്നിച്ച് സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് 11 വനിതാ സിനിമ പ്രവര്‍ത്തകര്‍
|രാജ്യത്ത് മീ ടൂ ആരോപണങ്ങൾ ആഞ്ഞടിക്കുമ്പോൾ സിനിമ മേഖലയിലെ മീ ടൂ ആരോപണങ്ങൾ വിനോദ വ്യവസായത്തെ ഗൗരവപരമായി തന്നെ മാറ്റിയിട്ടുണ്ട്. ബോളിവുഡ് സിനിമ വ്യവസായമാണ് മീ ടൂ ആരോപണങ്ങളെ ഗൗരവമായി എടുത്ത വ്യവസായം. ബോളിവുഡ് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ഫാന്റം കമ്പനിയുടെ തകർച്ചക്ക് കാരണമായ സംവിധായകൻ വികാസ് ബാലിനെതിരെയുള്ള ലൈംഗിക ആരോപണം തൊട്ട് സൽമാൻ ഖാനെതിരെ ഉയർന്ന ലൈംഗിക അതിക്രമത്തെ വരെ പുറത്ത് കൊണ്ട് വന്ന സംഭവമായിരുന്നു രാജ്യത്തെ മീ ടൂ. നടന്മാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, ഹൃതിക് റോഷൻ എന്നിവരെല്ലാം ആരോപണത്തിന് വിധേയരായോടൊത്തുള്ള സിനിമകളെല്ലാം ഒഴിവാക്കിയും നിർത്തി വെച്ചുമാണ് ഇതിന് ശക്തി പകർന്നത്. ഈ അവസരത്തിൽ രാജ്യത്തെ മീ ടൂ മൂവ്മെന്റിന് ആവേശം പകർന്ന് ഇനി മേൽ ഈ ആരോപിതർക്കൊപ്പം സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ബോളിവുഡിലെ 11 വനിതാ സിനിമാ പ്രവർത്തകരുണ്ട്. ഒരു വിധേനെയും ഇവരോടൊന്നിച്ച് സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവന പുറത്തു വിട്ടത്.
അലംകൃത ശ്രീ വാസ്തവ, ഗൗരി ഷിൻഡെ, കിരൺ റൗ, കൊങ്കണ സെൻ ശർമ്മ, മേഘ്‌ന ഗുയ്സർ, നന്ദിത ദാസ്, നിത്യ മെഹ്‌റ, റീമ കഗട്ടി, രുചി നരെയ്ൻ, ശോണാലി ബോസ്, സോയ അഖ്തർ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ മീ ടൂ നിലപാട് പ്രഖ്യാപിച്ചത്.
സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം
‘വനിതകളും സിനിമ പ്രവർത്തകരുമായ ഞങ്ങൾ ഒന്നടങ്കം രാജ്യത്തെ മീ ടൂ മൂവ്മെന്റിനെ പിന്തുണക്കുന്നു. തങ്ങൾക്കെതിരെ ഉയർന്ന സത്യ സന്ധമായ ലൈംഗിക അതിക്രമങ്ങളെ പീഡനങ്ങളെ തുറന്ന് പറഞ്ഞ എല്ലാ വനിതകളോടും അനുഭാവം പ്രകടിപ്പിക്കുന്നു. വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ച വനിതകൾക്ക് എല്ലാ ആദരവും അനുഭാവവും നൽകുന്നു. സുരക്ഷിതവും തുല്യവുമായ രീതിയിൽ തൊഴിൽ ചെയ്യുന്നതിന് അവബോധം സൃഷ്ടിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടവരോടൊന്നിച്ച് സിനിമ ചെയ്യില്ലെന്ന് ഞങ്ങൾ പ്രഖ്യാപ്പിക്കുന്നു. സിനിമ വ്യവസായത്തിനകത്തുള്ള എല്ലാവരും ഈ ആവശ്യം പിന്തുടരണമെന്ന് ആവശ്യപെടുന്നു’
തനുശ്രീ ദത്ത നടൻ നാനാപടേക്കർക്കെതിരെ അതിക്രമമുന്നയിച്ചതോടെയാണ് ഇന്ത്യയിൽ മീ ടൂ മൂവ്മെന്റിന് തുടക്കമായത്. 2008ൽ ഹോൺ ഒകെ പ്ലീസ് എന്ന സിനിമ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നെ അക്രമിച്ചെന്നായിരുന്നു തനുശ്രീയുടെ ആരോപണം. നാനാ പടേക്കർ മുൻപും സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും തനുശ്രീ ദത്ത ആരോപിച്ചിരുന്നു. രജത് കപൂർ, അലോക് നാഥ്, സുഭാഷ് ഗായ്, വികാസ് ബാൽ, സുഭാഷ് കപൂർ, കൈലാഷ് ഖേർ, സാജിദ് ഖാൻ എന്നിവർക്കെതിരെ ഹോളിവുഡിൽ ഇത് വരെ ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും ആരോപണം ഉയർന്നിട്ടുണ്ട്. മലയാളത്തിൽ നടനും സി.പി.ഐ.എം എം.എൽ.എയുമായ മുകേഷ്, അലൻസിയർ ലെ ലോപ്പസ് എന്നിവർക്കെതിരെയും ലൈംഗിക അതിക്രമത്തിന് പരാതി ഉയർന്നിരുന്നു. അലൻസിയറിനെതിരെ നിരവധി യുവതികൾ ഇതിനകം പരാതികളുമായി വന്നിട്ടുണ്ട്.