‘എന്നെ മൃഗത്തോടുപമിച്ച ഈ ട്രോൾ വംശീയത നിറഞ്ഞത്’; സുഡാനിയിലെ താരം സാമുവൽ അബിയോള റോബിൻസൺ
|സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സാമുവൽ അബിയോള റോബിൻസൺ പടം ഇറങ്ങി സൂപ്പർ ഹിറ്റായതിന് ശേഷം തന്റെ കേരളത്തോടുള്ള സ്നേഹവും തുടർച്ചയായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രകടിപ്പിച്ചിരുന്നു. കേരളത്തോടുള്ള സ്നേഹം തുടർച്ചയായി പ്രകടിപ്പിച്ച സാമുവൽ അബിയോള തനിക്ക് ഇനിയും മലയാള സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തോടു അതിയായ സ്നേഹം പ്രകടിപ്പിക്കുമ്പോഴും കേരളത്തിൽ ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും അവരിലെ വംശീയതയെ തുറന്ന് കാണിക്കുകയാണ് സാമുവൽ തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. താൻ അഭിനയിച്ച ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ ഒരു രംഗമുപയോഗിച്ച് വംശീയമായി മെമെ നിർമിച്ചതിൽ വളരെ സങ്കടവും ദേഷ്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മലയാളത്തിലെ പ്രമുഖ മെമെ പേജായ ‘ഒഫൻസിവ് മലയാളം മെമെ’ എന്ന പേജിലാണ് തനിക്കെതിരെയുള്ള വംശീയമായ തമാശ പോസ്റ്റ് ചെയ്തെതെന്ന് സാമുവൽ പറയുന്നു. തനിക്കെതിരെ വംശീയമായി നിർമിച്ച തമാശയിൽ അതി രാവിലെ തൊട്ട് തന്നെ ഒരുപാട് പേർ പേര് ടാഗ് ചെയ്യുകയും വളരെ സങ്കടവും ദേഷ്യവും തോന്നിയെന്നും സാമുവൽ ഫേസ്ബുക്കിലൂടെ പറയുന്നു.
സുഡാനി ഫ്രം നൈജീരിയ സിനിമയിൽ കാലിന് പരിക്കേറ്റ് കിടക്കുന്ന സാമുവലിന്റെയും കോച്ചായി അഭിനയിച്ച സൗബിന്റെയും ചിത്രത്തിന് മുകളിൽ-'ഒരു മൃഗത്തെയും ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അപായപ്പെടുത്തിയിട്ടില്ല പക്ഷെ ഇതിനെ കുറിച്ച് മറന്നേക്കൂ’- എന്ന് എഴുതിയാണ് വംശീയമായ മെമെ നിർമിച്ചിട്ടുള്ളത്. മെമെ വിവാദമായ സാഹചര്യത്തിൽ ഒഫൻസിവ് മലയാളം മെമെ പേജ് ഇപ്പോൾ അടച്ച് പൂട്ടിയ നിലയിലാണ്. ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും സുഹൃത്തുക്കളെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാമുവൽ പറയുന്നു.
‘ഒരാളെ വംശീയമായി ആക്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല, ഒരാൾക്ക് നേരെയുള്ള ഏറ്റവും നീചമായ ആക്രമണമാണ് അയാൾ ജനിച്ച വംശത്തെയും ആ അവസ്ഥയെയും പരിഹസിക്കുന്നത്. ഇത് വളരെ ക്രൂരമാണ്, മനുഷ്യനെ വിഷാദത്തിന് അടിമയാക്കാൻ വരെ ഇതിന് കഴിയും. നമ്മളെല്ലാവരും ആദ്യം മനുഷ്യരായിരിക്കണം’; സാമുവൽ പറയുന്നു.
‘ഒരുപാട് പേർ ഈ മെമെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തന്നെ ടാഗ് ചെയ്തിട്ടുണ്ട്, ഇത് തമാശയിൽ നിന്നും ഏറെ അകലെയാണ്’; സാമുവൽ തുടര്‍ന്നു.
സുന്ദരമായ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഇത് പോലെയുള്ള വംശീയമായ തമാശ ടാഗ് ചെയ്യുന്നത് കാണുന്നതൊന്ന് സങ്കൽപ്പിച്ച് നോക്കൂ എന്ന് പറഞ്ഞാണ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെ വന്ന സാമുവൽ ഇത് വളരെയധികം വേദനിപ്പിക്കുന്നതാണെന്നും കേരളത്തിലായിരുന്നെങ്കിൽ പൊലീസിന് പരാതി നൽകുമായിരുന്നെനും പറയുന്നു. സാമുവൽ അഭിനയിച്ച ‘പർപ്പിൾ’ എന്ന സിനിമ വൈകാതെ തന്നെ മലയാളത്തിൽ റിലീസ് ചെയ്യുന്നുണ്ട്.