Entertainment
സുസി എന്നെ വിളിക്കുമ്പോള്‍ ഭാര്യയുടെ പ്രതികരണം  ഞെട്ടിച്ചു; അമലപോള്‍
Entertainment

സുസി എന്നെ വിളിക്കുമ്പോള്‍ ഭാര്യയുടെ പ്രതികരണം ഞെട്ടിച്ചു; അമലപോള്‍

Web Desk
|
24 Oct 2018 12:04 PM GMT

സുസി ഗണേശനതിരെയുള്ള ലീന മണിമേഖയുടെ മീ ടു ആരോപണം ശരിവച്ച് അമല പോള്‍ രംഗത്തുവന്നിരുന്നു.

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ വീണ്ടും അമല പോള്‍. സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യ മഞ്ജരിയും തന്നെ ഫോണില്‍ വിളിച്ചെന്നും അവരുടെ പ്രതികരണത്തില്‍ ഞെട്ടിപ്പോയെന്നും അമല പോള്‍ പറഞ്ഞു.

'എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണില്‍ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.'-അമല പോള്‍ പറഞ്ഞു.

സുസി ഗണേശനതിരെയുള്ള ലീന മണിമേഖലയുടെ മീ ടു ആരോപണം ശരിവച്ച് അമല പോള്‍ രംഗത്തുവന്നിരുന്നു. ലീനക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു.

സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാന്‍. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, അശ്ലീലചുവയോടെ സംസാരിക്കുക, വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക. ഇതൊക്കെ തിരുട്ടുപയലേ 2വില്‍ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളര്‍ന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയും.

പൊതുസമൂഹത്തിന് മുന്നില്‍ ഇതു തുറന്നുപറയാന്‍ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവര്‍ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഏത് സാഹചര്യം വന്നാലും അവര്‍ വിട്ടുകളയില്ല. നമ്മുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തുകാണിക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്. മീ ടു പോലുള്ള ക്യാമ്പയിനുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവണ്‍മെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.'-അമല പറഞ്ഞു.

2005 ല്‍ ചാനല്‍ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു ഗണേശന്‍ മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. വീട്ടില്‍ വിടാമെന്നു പറഞ്ഞു കാറില്‍ കയറ്റി. കാര്‍ നീങ്ങിയ ഉടന്‍ ഗണേശന്റെ വീട്ടിലേക്കു പോകാമെന്നു നിര്‍ബന്ധിച്ചു ഡോറുകള്‍ ലോക്ക് ചെയ്തു. തന്റെ മൊബൈല്‍ ഫോണ്‍ എടുത്തു വലിച്ചെറിഞ്ഞു. കൈവശമുണ്ടായിരുന്ന ചെറിയ കത്തികൊണ്ടു സ്വയം മുറിവേല്‍പ്പിക്കുമെന്നു പറഞ്ഞതോടെയാണു ഗണേശന്‍ പിന്‍മാറിയത്.

ലീന മണിമേഖല

2015 ല്‍ ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഡബ്ല്യു.സി.സിയുടെ വാര്‍ത്താ സമ്മേളനം ടിവിയില്‍ കണ്ടതോടെയാണു തനിക്കു പേരുള്‍പ്പെടെ തുറന്നു പറയാനുള്ള ധൈര്യം ലഭിച്ചതെന്നും ലീന പറഞ്ഞു. ആരോപണം നിഷേധിച്ച ഗണേശന്‍, ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. നിയമനടപടി പേടിച്ച് ഇനിയും മിണ്ടാതിരിക്കില്ലെന്നു ലീന തിരിച്ചടിച്ചു.

Similar Posts