കത്വവ പെണ്‍കുട്ടിയുടെ ജീവിത കഥ സിനിമയാക്കി സൗദിയിലെ പ്രവാസി
|‘ചിലപ്പോള്‍ പെണ്‍കുട്ടി’ സിനിമ റിലീസിനൊരുങ്ങി
കത്വവ പെണ്‍കുട്ടി ആസിഫയുടെ ജീവിത പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'ചിലപ്പോള്‍ പെണ്‍കുട്ടി' എന്ന സിനിമയുമായി പ്രവാസി മലയാളി. സൗദിയിലെ ദമ്മാമിലുള്ള സുനീഷ് സാമൂവല്‍ ആണ് ശക്തമായ പ്രമേയവുമായി സിനിമ നിര്‍മ്മിച്ച് റിലീസിനൊരുങ്ങുന്നത്.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരില്‍ ശക്തമായ സമൂഹ ബോധവല്‍ക്കരണവും കര്‍ശന നിയമങ്ങളും ലക്ഷ്യമിട്ടാണ് സുനീഷ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണവും അവര്‍ക്കെതിരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധ ക്ഷണിക്കലുമാണ് ഉദ്യമ ലക്ഷ്യം.
കാശ്മീരിലെ കത്വവയിലും കേരളത്തിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇരുപത്തി മൂന്ന് വര്‍ഷമായി സൗദിയിലുള്ള സുനീഷിന്റെ ആദ്യ സിനിമയാണിത്. ഒപ്പം സുനീഷ് ചെറിയ ഒരു വേഷവും ചെയ്തിട്ടുണ്ട് ചിത്രത്തില്‍.
ദമ്മാമിലുള്ള മീഡിയാവണ്‍ പതിനാലാം രാവ് ഗായിക ജിന്‍ഷാ ഹരിദാസാണ് ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും എം.കമറുദ്ദീന്റേതാണ്.