5 മണിക്കൂര്‍ 50 മിനിറ്റുള്ള ‘വടചെന്നൈ’ വെട്ടി ദൈര്‍ഘ്യം കുറക്കുകയായിരുന്നു; വെട്രിമാരന്
|വെട്രിമാരന് ചിത്രം വടചെന്നൈ തീയേറ്ററുകളില്‍ വന്‍വിജയമായി മുന്നേറുമ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ രൂപം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന് വെട്രിമാരന്.
‘ഞാന്‍ വിചാരിച്ചിരുന്നതിനേക്കാള്‍ ദൈര്‍ഘ്യത്തിലാണ് ഞാന്‍ ഈ സിനിമ രചിച്ചത്. ഒരുപാട് കഥാപാത്രങ്ങളുണ്ട് ഇതില്‍, അതിനാല്‍ സിനിമ ഡെവലപ്പ് ചെയ്ത് വരാന്‍ സമയം വേണം. അതിനാല്‍ ഞാന്‍ മനസിലാക്കി, ഈ കഥ രണ്ട് മണിക്കൂര്‍ 50 മിനിറ്റില്‍ പറഞ്ഞ് അവസാനിപ്പിക്കാന്‍ ആവില്ലെന്ന്. അതിനാല്‍ തുടര്‍ഭാഗങ്ങളെക്കുറിച്ച് ആലോചിച്ചു’; വെട്രിമാരന് പറയുന്നു.
ഒറിജിനല്‍ കട്ട് 5 മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള വട ചെന്നെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 2 മണിക്കൂര്‍ 50 മിനിറ്റിലേക്ക് ചെറുതാക്കുകയായിരുന്നെന്നും സംവിധായകന് വെട്രിമാരന് പറഞ്ഞു.
‘വട ചെന്നൈയുടെ ദൈര്‍ഘ്യം കുറച്ചപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്. സിനിമയ്ക്ക് ഞാന്‍ ആദ്യം ഉദ്ദേശിച്ചിരുന്ന വേഗമല്ല തീയേറ്ററില്‍ റിലീസ് ചെയ്യപ്പെട്ട പതിപ്പിനുള്ളത്. ഇപ്പോഴുള്ളതിനേക്കാള്‍ സാവധാനത്തിലുള്ള കഥപറച്ചിലായിരുന്നു എന്റെ മനസ്സില്‍. ആദ്യം എഴുതിയതനുസരിച്ച് ഒരു സീനിന് 15-16 ഷോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് അഞ്ച്-ആറായി ചുരുക്കേണ്ടിവന്നു. മൂന്ന് ഭാഗങ്ങളായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ‘വട ചെന്നൈയുടെ തുടര്‍ച്ചയ്ക്കായി, എഴുതി പൂര്‍ത്തിയാക്കിയ ആയിരം പേജുകള്‍ എന്റെ കൈവശമുണ്ട്. എഴുതിയ പല രംഗങ്ങളും ആദ്യഭാഗത്ത് ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ വിഷമമില്ല’;- വെട്രിമാരന് വ്യക്തമാക്കി.
ആടുകളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വട ചെന്നൈ. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്ഫുള് ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.