‘ആ സിനിമയുടെ സംവിധായകനോട് മാപ്പ്; ഞാനെന്റെ സിനിമ തിയേറ്ററിൽ നിന്നും പിൻവലിക്കുന്നു’; അജയ് ദേവലോക
|ഹൂ എന്ന സിനിമ ഈയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അജയ് ദേവലോക എന്ന സംവിധായകന്റെ ആദ്യത്തെ സിനിമയായ ഹൂ സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. തുടർച്ചയായ നെഗറ്റീവ് റിവ്യൂവും ഡീഗ്രേഡിങ്ങും കാരണമാണ് സിനിമ പിൻവലിക്കുന്നതെന്ന് സംവിധായകൻ അജയ് ദേവലോക സിനിമാ പാരഡൈസോ ക്ലബിലെ പോസ്റ്റിലൂടെ പറയുന്നു. ഇന്നലെ സംവിധായകൻ സിനിമക്കെതിരെ ഡീഗ്രേഡ് ചെയ്യുന്നവരെ നടുവിരൽ കാണിക്കുന്നു എന്ന് ആക്ഷേപിച്ചു കൊണ്ട് പോസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു. സിനിമക്കെതിരെയുള്ള ആക്രമണത്തിന് കരുത്ത് പകരുന്നതായിരുന്നു സംവിധായകന്റെ ഈ പോസ്റ്റെന്ന് വലിയ രീതിയിൽ തന്നെ ആക്ഷേപമുണ്ടായിരുന്നു. അതെ പോസ്റ്റിൽ തന്നെ പോക്കിരി സൈമൺ എന്ന ചിത്രമൊരുക്കിയ ജിജോ ആന്റണിയെ പരിഹസിക്കുന്ന രൂപത്തിൽ എഴുതിയിരുന്നു. ഇത് പിന്നീട് തിരുത്തുകയും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നെന്നും പറയുകയും ചെയ്തിരിക്കുകയാണ് അജയ് ദേവലോക.
'കൊന്തയും പൂണൂലും പോലെ മനോഹരമായ ചിത്രങ്ങൾ ചെയ്ത സംവിധായകനെ അത്തരം ചിത്രങ്ങൾ പരാജയപ്പെടുത്തി, പോക്കിരി സൈമൺ പോലെ മാസ്സ് മസാലപ്പടങ്ങൾ എടുക്കാൻ പ്രേരിപ്പിച്ച വ്യവസ്ഥിതിയെ സൂചിപ്പിക്കാൻ വേണ്ടി ഇന്നലത്തെ പോസ്റ്റിൽ ആ ചിത്രത്തിന്റെ പേര് റെഫർ ചെയ്തിട്ടുണ്ട്, മനപ്പൂർവ്വമല്ലാതെ ഞാൻ വേദനിപ്പിച്ച സുഹൃത്തിനോട് ഒരിക്കൽ കൂടി മാപ്പ് പറയുന്നു, എന്ന് താങ്കളുടെ ആദ്യപടത്തിന്റെ ഒരു കട്ട ഫാൻ'; അജയ് ദേവലോക ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് ഭാഗങ്ങളിലായി ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ‘ഹൂ’ ഇപ്പോൾ തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. ആദ്യ ഭാഗമായ ‘ഇസബെല്ല’ വൈകാതെ തന്നെ പുറത്തിറങ്ങുമെന്ന് സംവിധായകൻ അജയ് ദേവലോക പറയുന്നു. ശ്രുതി മേനോൻ, പേർളി മാണി, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള എന്നിവരാണ് ഹൂവിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി കലക്ടർ ബ്രോ പ്രശാന്ത് നായരുമെത്തുന്നുണ്ട്.
സംവിധായകൻ അജയ് ദേവലോകയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
കഷ്ടപ്പെട്ട് ഒരു പടം തീയറ്ററിൽ എത്തിച്ചു.
രണ്ടാം ദിവസം പടം പോലും കാണാത്ത ഓരോരുത്തർ പടവുമായി പുലബന്ധമില്ലാത്ത റിവ്യൂ ഇട്ടുകൊണ്ട് ഡീഗ്രേഡ് ചെയ്ത അവസ്ഥ അനുഭവിച്ചിട്ടുണ്ടോ?
നല്ല രസാണ് !!!
ആ ഫ്രസ്ട്രേഷനിൽ ഇന്നലെ ഒരു പോസ്റ്റ് ഇട്ടു. അതിലെ വാക്കുകൾ അൽപ്പം കടന്നു പോയി എന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ ആ അവസ്ഥയിൽ എന്റെ സ്ഥാനത്ത് ആരായാലും ഇതൊക്കെയേ ചെയ്യൂ
പക്ഷെ ആ പോസ്റ്റിൽ മനപ്പൂർവ്വമല്ലാതെ ഒരു വ്യക്തി ഹത്യ കടന്നു വന്നത് ശ്രദ്ധയിൽ പെട്ടപ്പോഴേ അത് എഡിറ്റ് ചെയ്തു
കൊന്തയും പൂണൂലും പോലെ മനോഹരമായ ചിത്രങ്ങൾ ചെയ്ത സംവിധായകനെ അത്തരം ചിത്രങ്ങൾ പരാജയപ്പെടുത്തി, പോക്കിരി സൈമൺ പോലെ മാസ്സ് മസാലപ്പടങ്ങൾ എടുക്കാൻ പ്രേരിപ്പിച്ച വ്യവസ്ഥിതിയെ സൂചിപ്പിക്കാൻ വേണ്ടി ഇന്നലത്തെ പോസ്റ്റിൽ ആ ചിത്രത്തിന്റെ പേര് റെഫർ ചെയ്തിട്ടുണ്ട്.
ഞാൻ ഉദ്ദേശിച്ച രീതിയിൽ അല്ല അത് എടുത്തത് എന്ന് മനസിലാക്കി എഡിറ്റ് ചെയ്തു മാറ്റുകയും ചെയ്തു.
എന്തായാലും who മെല്ലെ പിൻവലിയ്ക്കുകയാണ്.
മനപ്പൂർവ്വമല്ലാതെ ഞാൻ വേദനിപ്പിച്ച സുഹൃത്തിനോട് ഒരിക്കൽ കൂടി മാപ്പ് പറയുന്നു , ജിജോ ആന്റണി.
എന്ന് താങ്കളുടെ ആദ്യപടത്തിന്റെ ഒരു കട്ട ഫാൻ.