സിനിമാരംഗത്ത് നിന്നും ദുരനുഭവങ്ങളുണ്ടായിട്ടില്ല, അതുകൊണ്ട് പ്രതികരണത്തിനുമില്ല; മീ ടുവിനെക്കുറിച്ച് ഐശ്വര്യ രാജേഷ്
|സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നും ഐശ്വര്യ പറഞ്ഞു.
സിനിമാ രംഗത്ത് നിന്നും തനിക്ക് ഈ നിമിഷം വരെ ദുരനുഭവങ്ങളുണ്ടായിട്ടില്ലെന്നും അതുകൊണ്ട് മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നും ഐശ്വര്യ പറഞ്ഞു. ശക്തമായ റോളുകളാണ് താന്‍ തെരഞ്ഞെടുക്കാറുള്ളത്. പുതിയ സംവിധായകര്‍ പോലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് തന്നെ സമീപിക്കാറുള്ളതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അത് മനപൂര്‍വ്വം തെരഞ്ഞെടുക്കുന്നല്ല, സിനിമ തന്നെ അങ്ങിനെ രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. സംവിധായകര്‍ ശക്തമായ കഥാപാത്രങ്ങളുമായി തന്നെ സമീപിക്കുമ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം വര്‍ദ്ധിക്കുകയാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക് താന്‍ യോജിക്കുമെന്ന് സംവിധായകര്‍ കരുതുന്നത് തന്നെ തന്റെ ഭാഗ്യമാണെന്നും കാക്കമുട്ടൈ നായിക പറഞ്ഞു.
ഈയിടെ പുറത്തിറങ്ങിയ വടചെന്നൈ മികച്ച ചിത്രമാണ്. കഥാപാത്രങ്ങള്‍ക്കൊപ്പം വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ആ ചിത്രം ഒരുക്കിയിരിക്കുന്നത്. കാനയാണ് പുതിയ ചിത്രം. അതില്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ഞാനെത്തുന്നത്. ശരിക്കും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും ഐശ്വര്യ പറഞ്ഞു.
കൂടുതല്‍ സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഉണ്ടാകണം. ഇന്നത്തെ കാത്ത് 20 ശതമാനം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രമേ പുറത്തുവരുന്നുള്ളൂ. അത് 50 ശതമാനത്തിലേക്കെങ്കിലും ഉയരണം. ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ താന്‍ ഒരിക്കലും ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു.