Entertainment
ഫൊസോയെ; മരിച്ചവര്‍ക്ക് തണലൊരുക്കുന്നവരെ തേടിയുള്ള ആ യാത്രക്ക് പിന്നില്‍
Entertainment

ഫൊസോയെ; മരിച്ചവര്‍ക്ക് തണലൊരുക്കുന്നവരെ തേടിയുള്ള ആ യാത്രക്ക് പിന്നില്‍

സുമയ്യ സുലൈമാന്‍
|
1 Nov 2018 9:08 AM GMT

ഞാൻ തളരുമ്പോൾ താങ്ങായും തണലായും പ്രോത്സാഹനവും പിന്തുണയുമേകി എന്‍റെ ഉപ്പയടക്കം ആ  നാലു പേർ ഒപ്പം നിന്നു. ഘോഷും ആകാശൂം ചേർന്നാണ് ക്യാമറ ചെയ്തത്. ലാലൻ സഹസംവിധാനവും

വിശ്വ മഹാ സൂഫി പണ്ഡിതനും കവിയുമായിരുന്ന ജലാലുദ്ദീൻ റൂമി ഒരിക്കൽ പറയുകയുണ്ടായി, മരണം എന്നത് അനന്തമായ... അനശ്വരതയുമായുള്ള വിവാഹമാണെന്ന്. എല്ലാ ആത്മാവും മരണം രുചിക്കുമെന്നത് പ്രകൃതി നിയമം. പക്ഷെ ആ മരിക്കുന്നവരിൽ ചിലർക്ക് മാത്രമെ ശരിയായ ജീവിതം രുചിക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞതും റൂമി തന്നെ. അങ്ങനെ ജീവിതത്തെ അതിന്റെ പാരമ്യതയിൽ രുചിച്ച്, കിഴക്കി അവൻ മരണത്തെ പുൽകുന്നതോടുകൂടി അനന്തമായ അനശ്വരതയുമായി പ്രണയത്തിലാവുകയായി. ഇണതുണയോ കുടുംബമോ കൂട്ടുകാരോ ഇല്ലാത്ത ആ ഇരുണ്ട ആറടി മണ്ണിനകത്തെ വാസം.

വല്ല്യ സുഖമൊന്നുമുണ്ടാവില്ല ആ മണ്ണറക്കകത്തെ വാസത്തിന്‌. നമ്മൾ കാണാത്ത നല്ല തടിച്ച് വെളുത്ത് തുടുത്ത പുഴുക്കളും, മെഴുകിൽ വീണ പോലുള്ള കറുത്ത തല പെരുത്ത മിനുസമുള്ള ഉറുമ്പുകളും ചെറു പ്രാണികളുമൊക്കെ കൂട്ടിനുണ്ടാകും. പിന്നെ ഇടക്കിടെ ആ മണ്ണറയാകെ പച്ചമണം നിറയും. തലക്ക് നേരെ മുകളിൽ നാരുപോലുള്ള വേര് വീണു കിടപ്പുണ്ട്. നല്ല കിളിർത്ത അതിമനോഹരമായ സുഗന്ധമുള്ള മൈലാഞ്ചിച്ചെടിയുടെ വേരുകളാണത്. അത്രക്ക് ഇഷ്ടമുള്ള ആരോ സിയാറത്തിനു വന്നതാ. കയ്യിൽ കരുതിയ വെള്ളം മൈലാഞ്ചിച്ചെടിക്ക് തളിച്ചു കാണും.....

ഒരിക്കലെങ്കിലും ബോധത്തോടെ ആ ഖബറിലൊന്ന് കിടന്നു നോക്കണമെന്ന് തോന്നിയിട്ടുണ്ടോ?

ഖബറിസ്ഥാൻ ഇന്നേവരെ കാണാത്ത, ഒരു മുഴു ഖബർ ഇതുവരെ ജീവിതത്തിൽ നേരിൽ കണ്ടിട്ടില്ലാത്ത, കേവലമൊരു പെണ്ണിന്റെ മനസ്സിൽ വരുന്ന ചോദ്യങ്ങളും ആധികളും എന്തായിരിക്കും എന്ന വളരെ ലളിതമായ ചിന്തയിൽ നിന്നാണ് ഖബറിനെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി എടുക്കാൻ മുതിരുന്നത്. അതിന് പുറകിലുള്ള കാരണം എന്റെ മാധ്യമ പഠനം തന്നെ.

വെറുതെയങ്ങ് ഖബറിസ്ഥാനും ഖബർ കുഴിക്കലും കാണിച്ചു പോവുക എന്നതിലുപരി ഖബർ കുഴിക്കുക എന്നത് തൊഴിലായി സ്വീകരിച്ച ഒരാളെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് എന്റെ ഡോക്യുമെന്ററിയിലെ നായകനായ പാലക്കാട് കള്ളിക്കാട് സ്വദേശി ഹംസയെ കണ്ടുമുട്ടുന്നത്. 45 കാരനായ കുട്ടൻപുള്ളി ഹംസയുടെ ഉപ്പ, എളാപ്പ, എന്നിവരും ഖബർ കുഴിക്കൽ തൊഴിലായി സ്വീകരിച്ചവരാണ്. സഹോദരങ്ങളും ഈ രംഗത്തുണ്ടെങ്കിലും ഹംസക്കയെ പോലെ തൊഴിലായി ഏറ്റെടുത്തിട്ടില്ല. പ്രായാധിക്യവും രോഗവും മൂലം ഉപ്പയും എളാപ്പയും കളമൊഴിഞ്ഞു. തന്റെ 21ാം വയസ്സിൽ തുടങ്ങിയതാണ് ഈ ജോലി. ഈ 25 വർഷത്തിനിടക്ക് നാലായിരത്തി ഇരുന്നൂറിലധികം ഖബറുകൾ പാലക്കാട്ടും പരിസരയിടങ്ങളിലുമായി കുഴിച്ചു കഴിഞ്ഞു. ഓരോ മയ്യിത്തിനൊപ്പവും ഖബറിൽ ഇഴകി ചേരുന്നത് ഹംസക്കയുടെ വിയർപ്പുതുള്ളിയും കണ്ണീരുമാണ്.

പലതരം തൊഴിലുകൾ ഉണ്ടെങ്കിലും ഇത്തരത്തിലൊരു തൊഴിൽ ചെയ്യുന്നവരെ സമൂഹം വേണ്ടത്ര അടയാളപ്പെടുത്താറില്ല എന്ന ചിന്തയിൽ നിന്നു കൂടിയാണ് ഹംസക്കയിലൂടെ ഈ തൊഴിലിനെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ചത്. ഖബർ കുഴിക്കുക എന്നത് ഒരു തൊഴിലായി സ്വീകരിച്ച ആളോ എന്ന് അൽഭുതം കൂറിയവരോട് ഒന്ന് പറയാനുണ്ട്. ഇത് ജനസേവനമായും ദൈവാരാധനയുമായി ഗണിക്കുന്നവരുണ്ട്. നല്ലതു തന്നെ. യുവാക്കളും സംഘടനകളും ഇന്നിതിന് സ്വയം സന്നദ്ധരായി വരുന്നു എന്നതും നല്ലതു തന്നെ. പക്ഷെ, പുതുതായി ഖബർ കുഴിക്കുന്ന ആളുകൾക്ക് ചില തെറ്റുകൾ സംഭവിക്കാറുണ്ടത്രെ. കേവലം ആറടി നീളവും രണ്ടരയടി വീതിയുമുള്ള ഒരു കുഴിയല്ല ഖബർ. അതിന് കൃത്യമായി മണ്ണിന്റെ ഘടന നോക്കേണ്ടതുണ്ട്. വൃത്തിയിലും ഭംഗിയിലും വെട്ടിയെടുക്കേണ്ടതുണ്ട്. ചിലയിടങ്ങളിൽ മണ്ണ് അമർത്തി വെക്കേണ്ടതായുണ്ട്. അങ്ങനെ നിസാരമെന്ന് വിചാരിക്കുന്ന എങ്കിലും അത്യാവശ്യം ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങൾ. അശ്രദ്ധമൂലം ഖബർ ഇടിഞ്ഞു പോയതായും പഴയ ഖബർ ഉള്ളതറിയാതെ വീണ്ടും അവിടെ തന്നെ ഖബർ കുഴിച്ചതുമായുള്ള ഒരുപാട് അനുഭവങ്ങൾ ഹംസക്ക പറഞ്ഞു. എന്നിരുന്നാലും ഈ രംഗത്തേക്കുള്ള യുവാക്കളുടെ കടന്നുവരവ് പ്രശംസനീയം തന്നെ.

മറ്റിതര മതങ്ങളിലും വിശ്വാസങ്ങളിലുമുള്ള പോലെ ഈ തൊഴിൽ ചെയ്യുന്നവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രവണത തങ്ങൾക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടിലെന്ന് ഹംസക്ക പറയുന്നു. അത് ഇസ്‌ലാമിന്റെ സൗന്ദര്യം! പക്ഷെ, ആ മാറ്റി നിർത്തലുകൾ ഉണ്ടാക്കിയെടുക്കുന്നതിൽ ആചാരാനുഷ്ഠാനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒപ്പം മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. നമുക്ക് കാണിച്ചു തന്ന സിനിമകളാകട്ടെ സീരിയലുകളാവട്ടെ, പാട്ടാകട്ടെ എന്തുമാകട്ടെ അവരൊക്കെ പറഞ്ഞു തന്നത് ചോരയുടെ അറപ്പിന്റെയും ഇരുട്ടിന്റെ ഭീതിയുടെയും കഥകളാണ്. ഇതൊന്നുമല്ല സത്യം എന്ന് പറഞ്ഞു തരാൻ മരിച്ചവരാരും തിരിച്ചു വന്നിട്ടുമില്ല.

ഖബറിസ്ഥാനിലെ മൈലാഞ്ചിച്ചെടിക്കും മീസാൻ കല്ലിനും കരിയിലകൾക്കും ഇതൊന്നുമല്ലാത്ത മറ്റു ചിലത് പറയാൻ ഉണ്ട്. നന്മയുടെ കഥകൾ, സ്നേഹത്തിന്റെ കഥകൾ, വേർപാടിന്റെ കഥകൾ, വിങ്ങലിന്റെ കഥകൾ, ഖബറാളികൾക്ക് കൂട്ടിരിക്കുന്ന കൂട്ടിരിപ്പിന്റെ കഥകൾ. ഇതൊന്നും ആരും നമുക്ക് പറഞ്ഞു തന്നില്ല. എന്തിനേറെ, ഖബറുകൾക്ക് മേൽ തണൽ വിരിക്കുന്ന മരങ്ങൾക്കും കാറ്റത്ത് ആടിയുലയുന്ന കാട്ടുവള്ളികൾക്കും ഖബറിസ്ഥാനിലേക്ക് നടന്നു വരുന്ന വഴികളിലെ പുൽനാമ്പിനു പോലും പറയാനുണ്ട്, നമ്മുടെ ചിന്തയിൽ പോലും വരാത്ത, ഭീതിപ്പെടുത്താത്ത കഥകൾ. അതു കൊണ്ടാണ് ഹംസക്ക പറയുന്ന കാര്യങ്ങൾ ഭീതി ഉണ്ടാക്കുന്നതായിട്ടും ഫ്രെയിമിൽ നല്ല തളിർത്ത് കിളുത്ത പച്ചിലകളും അകമ്പടിയായി സൂഫി സംഗീതവും ഉപയോഗിച്ചത്. കാണികളിൽ ഒരിക്കലും ഭീതി ഉണ്ടാകരുതേ എന്നായിരുന്നു പ്രാർത്ഥന. പക്ഷെ ശീലങ്ങൾ അത്ര പെട്ടെന്ന് മാറില്ലല്ലോ. കണ്ടതിൽ മിക്കവരും പേടിച്ചു. ആളുകൾക്ക് മരണത്തോടുള്ള ഭയം തന്നെയാണ് ഇങ്ങനെയുള്ള സംഭവങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും ഹൃദയമിടിപ്പ് കൂട്ടുന്നതും വിയർപ്പ് പൊടിയുന്നതിനുമുള്ള കാരണം.

ഏതൊരു സംവിധായകനെ, സംവിധായകയെ പോലെ ധാരാളം പ്രതിബന്ധങ്ങളും പ്രതിസന്ധികളും മാനസിക പിരിമുറുക്കങ്ങളും എനിക്കും നേരിടേണ്ടി വന്നു. ക്ഷമയും പ്രാർത്ഥനയുമായിരുന്നു ആ ദിവസങ്ങളിൽ ആയുധം. നാല് ദിവസമാണ് ഷൂട്ടിനായി ഷെഡ്യൂൾ ചെയ്തിരുന്നത്. പക്ഷെ പരിചയസമ്പന്നരായ ക്യാമറാമാന്മാരും ഒരു സഹ സംവിധായകനും കൃത്യമായ ഹോം വർക്കുകൂടിയായപ്പോൾ എല്ലാം രണ്ട് ദിവസത്തിനകം തീർന്നു. ഞാൻ തളരുമ്പോൾ താങ്ങായും തണലായും പ്രോത്സാഹനവും പിന്തുണയുമേകി ആ മൂന്നു പേർ ഒപ്പം നിന്നു. ഘോഷും ആകാശൂം ചേർന്നാണ് ക്യാമറ ചെയ്തത്. ലാലൻ സഹസംവിധാനവും.

വലത്തു നിന്ന് ആകാശൂ, ഘോഷ്, ലാലന്‍ എന്നിവര്‍ ലേഖികക്കൊപ്പം

നേരിട്ട മുഖ്യ വെല്ലുവിളി മയ്യിത്ത് ആരാകുമെന്നതായിരുന്നു. കാര്യത്തോടടുത്തപ്പോൾ വരാമെന്നേറ്റവരെല്ലാം മുങ്ങി. ഭയം അവരെ ബാധിച്ചിരിക്കാം. ഞാനാകെ തളർന്നു. ഒരു പക്ഷേ ക്ലൈമാക്സ് എന്നൊക്കെ പറയാവുന്ന ഭാഗം എടുക്കാൻ ആളില്ല. ഡമ്മിയും കിട്ടാനില്ല. മുഹറം നോമ്പിന്റെ ആലസ്യത്തിൽ ഉച്ചക്ക് മരത്തണലിൽ നിന്ന് വിശ്രമിക്കുമ്പോൾ ലാലൻ പറഞ്ഞു. സൂ... ടെൻഷനാവണ്ട... ഡെഡ് ബോഡി ഞാനാകാമെന്ന്. വിഷയം കേട്ടപ്പോഴും സക്രിപ്റ്റ് വായിച്ചപ്പോഴും പേടിച്ചരണ്ട ലാലൻ അത് പറഞ്ഞപ്പോൾ ആദ്യം വിശ്വാസം വന്നില്ലെങ്കിലും പിന്നീടവനോട് അങ്ങേയറ്റത്തെ ബഹുമാനം തോന്നി. മൂവരും അവരുടെ സ്വന്തം വർക്ക് പോലെ കണ്ട് ചെയ്തു തന്നു. സിനിമയോടുള്ള അവരുടെ അടങ്ങാത്ത ആവേശവും പ്രേമവുമാണ് അവരെ ഇങ്ങനെയൊക്കെ ചെയ്യിച്ചത്.

ഒരു തമാശയെന്തെന്നാൽ, ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത് തന്നെ ഷൂട്ടിന്റെ ആദ്യ ദിനമാണ്. മുൻ പിൻ പരിചയം പോലുമില്ലാത്ത, കോഴിക്കോടും കണ്ണൂരും പാലക്കാടുമായി ചിതറി കിടന്നിരുന്ന ഞങ്ങളെ ബന്ധിപ്പിച്ച കണ്ണിയാണ് നവാഗത സംവിധായകനായ സുഹൈബ്. കഴിഞ്ഞ ഐ.എഫ്.എഫ്.കെ യിൽ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും മികച്ച സൗഹൃദം. പിന്നെ എല്ലാറ്റിനും എന്നെ പിന്തുണച്ച സുലൈമാൻക്ക [എന്റെ വാപ്പ], കുടുംബം, കൂട്ടുകാർ, അധ്യാപകർ അവരുടെ കലർപ്പില്ലാത്ത സ്നേഹവും, പ്രാർത്ഥനയും പിന്തുണയും കൂടിയായപ്പോൾ ഫൊസോയെ: ദ ലൈഫ് ഓഫ് എ ഗ്രേവ്ഡിഗ്ഗർ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി.

ഡോക്യുമെന്‍ററിയുടെ പൂര്‍ണ്ണരൂപം കാണുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Similar Posts