Entertainment
‘ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു’; വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്‍മാന്‍
Entertainment

‘ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു’; വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്‍മാന്‍

Web Desk
|
4 Nov 2018 4:40 PM GMT

താന്‍ പരാജയമാണെന്നും ഒന്നിനും കൊള്ളാത്തവനുമാണെന്ന് കരുതി നിരാശപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് റഹ്മാന്‍ പറയുന്നു.

എല്ലാവരുടെ ജീവിതത്തിലും ഒരു പ്രതിസന്ധി കാലഘട്ടമുണ്ടാകും. താനും ഒരു കാലത്ത് കടുത്ത പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കര്‍ ജേതാവും ഇന്ത്യന്‍ സംഗീത ഇതിഹാസവുമായ എ.ആര്‍ റഹ്മാന്‍. താന്‍ പരാജയമാണെന്നും ഒന്നിനും കൊള്ളാത്തവനുമാണെന്ന് കരുതി നിരാശപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് റഹ്മാന്‍ പറയുന്നു. അന്നൊക്കെ മിക്ക ദിവസങ്ങളിലും താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും റഹ്മാന്‍ വെളിപ്പെടുത്തുന്നു.

''25 വയസ് വരെ ശരിക്കും ഒരു പരീക്ഷണകാലമായിരുന്നു എനിക്ക്. ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു. നമ്മിൽ പലരും കരുതുന്നത്, അവർ അത്ര പോര എന്നാണ്. എനിക്ക് എന്റെ പിതാവിനെ നഷ്ടമായതോടെ ഒരു കനത്ത ശൂന്യത സൃഷ്ടിക്കപ്പെട്ടു. അതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. പക്ഷേ അതൊക്കെ എന്നെ ഒരു നിര്‍ഭയനാക്കി തീര്‍ക്കുകയായിരുന്നു. ആര്‍ക്കായാലും മരണം സുനിശ്ചിതമാണ്. സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരു കാലാവധിയുണ്ടാകും. പിന്നെ എന്തിന് ഭയപ്പെടണം എന്നായി എന്റെ ചിന്ത.

അതിന് മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല കാര്യങ്ങള്‍. എന്റെ പിതാവിന്റെ മരണവും അദ്ദേഹത്തിന്റെ തൊഴില്‍ ശൈലിയും എന്നെ ഒരുപാട് സ്വാധീനിച്ചു. അതുകൊണ്ട് തന്നെ പല ചിത്രങ്ങളും ഞാന്‍ ചെയ്തില്ല. 35 ചിത്രങ്ങള്‍ ലഭിച്ചിട്ടും രണ്ടെണ്ണം മാത്രമാണ് ഞാന്‍ ചെയ്തത്. പലരും എന്നോട് ആ സമയത്ത് ചോദിച്ച ചോദ്യം, നിങ്ങള്‍ എങ്ങനെ ജീവിക്കും, ഇവിടെ എങ്ങനെ പിടിച്ചുനില്‍ക്കും എന്നൊക്കെയായിരുന്നു. ഭക്ഷണം കുറച്ച് കഴിച്ചാലും മനസിനെ തൃപ്തിപ്പെടുത്തുക എന്നതു പോലെയായിരുന്നു സംഗീതത്തിന്റെ കാര്യത്തിലും എനിക്ക് പ്രധാനം. ഒരു സാധാരണ ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനും പോലും കഴിയില്ലായിരുന്നു.

ജന്മം കൊണ്ട് എനിക്ക് ലഭിച്ച പേര് ദിലീപ് കുമാര്‍ എന്നായിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും ആ പേര് ഇഷ്ടമല്ലായിരുന്നു. ഒരു തരം വെറുപ്പായിരുന്നു എനിക്ക് ആ പേരിനോട്. പക്ഷെ എന്തിനായിരുന്നു ആ വെറുപ്പെന്ന് അറിയില്ല. എന്റെ വ്യക്തിത്വത്തോട് ഒരു തരത്തിലും യോജിക്കുന്നതായിരുന്നില്ല ആ പേര്. എനിക്ക് മറ്റൊരാളാകണമായിരുന്നു. അടിമുടി മാറ്റമായിരുന്നു എനിക്ക് ആവശ്യം. കഴിഞ്ഞ കാലത്ത് മുതുകത്ത് പേറിയിരുന്ന ഭാണ്ഡം അഴിച്ചുവക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഇരുപതാം വയസില്‍ 1992 ല്‍ മണിരത്നത്തിന്റെ റോജ ചെയ്തതോടെ സംഗീതലോകത്ത് വ്യക്തമായൊരു സ്ഥാനം എനിക്ക് ലഭിച്ചു.'' - റഹ്മാന്‍ പറയുന്നു.

Similar Posts