Entertainment
ശബരിമലയില്‍ പോവാന്‍ ആഗ്രഹമുള്ള എല്ലാ സ്ത്രീകളും പോവണം; സുപ്രീം കോടതി വിധിക്കൊപ്പമെന്നും നടി പാര്‍വതി
Entertainment

ശബരിമലയില്‍ പോവാന്‍ ആഗ്രഹമുള്ള എല്ലാ സ്ത്രീകളും പോവണം; സുപ്രീം കോടതി വിധിക്കൊപ്പമെന്നും നടി പാര്‍വതി

Web Desk
|
6 Nov 2018 6:36 AM GMT

ശബരിമലയില്‍ പോവാന്‍ ആഗ്രഹമുള്ള എല്ലാ സ്ത്രീകളും പോവണമെന്ന് നടി പാര്‍വ്വതി. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പം തന്നെയാണ് താനെന്നും നടി പാര്‍വതി പറഞ്ഞു. ന്യൂസ് എയിറ്റീന് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാന്‍ ശബരിമല വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ ആര്‍ത്തവും അശുദ്ധിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ വളരെ ചെറുപ്പം മുതല്‍ നേരിടുന്നതാണ്. എനിക്ക് അമ്പലത്തില്‍ പോവണമെന്ന് തോന്നിയാല്‍ പോകാന്‍ കഴിയണം. അതിന് ആരോടും വിശദീകരണം തേടേണ്ട കാര്യമില്ല’.- പാര്‍വതി പറഞ്ഞു.

ഇങ്ങനെ പറയുന്നത് കൊണ്ട് തനിക്കെതിരെ വിമര്‍ശനങ്ങളുയരും, പുരുഷകേന്ദ്രീകൃതമായ മത വിശ്വാസങ്ങളില്‍ മാറ്റം കൊണ്ടു വരണമെങ്കില്‍ അതിന് പല ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും പാര്‍വതി പറഞ്ഞു.

കേരളത്തില്‍ വ്യക്തി എന്ന നിലയില്‍ പരിഗണന കുറവാണ്. ഒരാളുടെ ലിംഗമാണ് അയാള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്ഥാനം നിശ്ചയിക്കുന്നത്. വ്യക്തിത്വവും, കഴിവും, ജോലിയുമെല്ലാം പിന്നീടുള്ള കാര്യമായാണ് പരിഗണിക്കുകയെന്നും പാര്‍വ്വതി പറയുന്നു.

Similar Posts