Entertainment
രണ്ടാമൂഴം: ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് എം.ടി  കോടതിയില്‍
Entertainment

രണ്ടാമൂഴം: ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് എം.ടി കോടതിയില്‍

Web Desk
|
7 Nov 2018 11:49 AM GMT

കരാര്‍ ലംഘനം നടന്ന സാഹചര്യത്തില്‍ തിരക്കഥ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും എം.ടി വാസുദേവന്‍നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രണ്ടാമൂഴം സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് എം.ടി വാസുദേവന്‍നായര്‍ കോടതിയില്‍. കരാര്‍ ലംഘനം നടന്ന സാഹചര്യത്തില്‍ തിരക്കഥ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും എം.ടി വാസുദേവന്‍നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഹരജിയിൽ വാദം കേട്ട കോഴിക്കോട് മുൻസിഫ് കോടതി ഈ മാസം 13 ന് കേസ് വീണ്ടും പരിഗണിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായും സിനിമ നിര്‍മ്മാണ കമ്പനിയുമായും ഉണ്ടായിരുന്ന കരാര്‍. ഈ കരാര്‍ ലംഘിക്കപ്പെട്ടെന്ന് കാണിച്ചാണ് എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ ഉന്നയിച്ചു. തര്‍ക്കമുണ്ടാവുകയാണെങ്കില്‍ ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ ഉണ്ടെന്നും ഉള്ള വാദമായിരുന്നു ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാല്‍ പൂര്‍ണ്ണമായും കരാര്‍ ലംഘനം നടക്കുകയും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആര്‍ബിട്രേറ്റര്‍ക്ക് പ്രസക്തിയില്ലെന്ന് ഇന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രണ്ടാമൂഴത്തിന്‍റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അറിയിച്ചു. ഈ മാസം 13ന് വീണ്ടും വാദം കേള്‍ക്കും.

Similar Posts