നടി അഞ്ജുവിനെ ‘കൊന്ന്’ സോഷ്യല്‍ മീഡിയ;വ്യാജ വാര്‍ത്തകള്‍ തളര്‍ത്തുന്നുവെന്ന് താരം
|ഇത് വ്യാജ വാര്‍ത്തയാണ്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
സിനിമാതാരങ്ങളെയും സമൂഹത്തിലെ പ്രമുഖ വ്യക്തികളെയും 'കൊലപ്പെടുത്തുക' എന്നത് സോഷ്യല്‍ മീഡിയയുടെ ഒരു വിനോദമാണ്. പലരും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും വ്യാജപ്രചരണങ്ങള്‍ക്ക് ഒരു കുറവുമില്ല. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ അഞ്ജുവിനെയാണ് സോഷ്യല്‍ മീഡിയ ഈയിടെ കൊന്നത്. സോഷ്യല്‍ മീഡിയകളില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധിച്ച് അഞ്ജു തന്നെ രംഗത്തെത്തി. ഇത് വ്യാജ വാര്‍ത്തയാണ്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടിരിക്കുകയാണ്. എനിക്കും എന്റെ കുടുംബത്തിനും ഇത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നെന്ന് അഞ്ജു പറഞ്ഞു. ഇത്തരം വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ജുവിന്റെ സുഹൃത്തായ ക്യാമറാമാനും നടനുമായ നാട്ടിയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
തമിഴില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി. ഓളങ്ങള്‍ എന്ന ചിത്രത്തില്‍ അംബികയുടെ മകനായി വേഷമിട്ടത് അഞ്ജുവായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നായികയായിട്ടുണ്ട്. നീലഗിരി, കൌരവര്‍, കിഴക്കന്‍ പത്രോസ് എന്നിവയാണ് പ്രധാന സിനിമകള്‍.