സംവിധായകന് ശ്രീകുമാര്‍ മേനോന് എസ്കലേറ്ററില്‍ നിന്നും വീണു പരിക്ക്
|മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്
സംവിധായകന് വി. എ ശ്രീകുമാര്‍ മേനോന് എസ്കലേറ്ററില്‍ നിന്നും വീണു ഗുരുതര പരിക്ക്. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒടിയന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന് ഡിസംബര്‍ 14 ന് പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞദിവസം ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. കൊണ്ടോരാം.. എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം യു ട്യൂബ് ട്രെന്‍ഡിങ്ങിങ്ങില്‍ ഒന്നാമതാണ്.