ഞാന്‍ യേശുദാസോ എം.ജി ശ്രീകുമാറോ അല്ലല്ലോ, പാട്ടിനെ മത്സരമായിട്ടല്ല കാണുന്നത്; ട്രോളുകള്‍ക്ക് മറുപടിയുമായി ജഗദീഷ്
|അഞ്ചാം വയസില്‍ ആകാശവാണിയിലെ ഹിന്ദി ഗാനങ്ങള്‍ കേട്ടാണ് പാട്ട് പാടാൻ തുടങ്ങിയത്.
ട്രോളന്മാരുടെ സ്ഥിരം ഇരകളാണ് ജഗദീഷും ജഗദീഷിന്റെ പാട്ടുകളും. ചാനല്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം ജഗദീഷ് പാടുന്ന പാട്ടുകളെ കളിയാക്കിക്കൊണ്ടാണ് മിക്ക ട്രോളുകളും. എന്നാല്‍ ഈ ട്രോളുകളൊന്നും ജഗദീഷിനെ തളര്‍ത്താനാവില്ല, പാട്ട് നിര്‍ത്താനും താരം ഒരുക്കമല്ല. പാട്ട് പാടുമ്പോൾ അതിനെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല കാണുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം പാട്ട് ഒരു എന്റർടെയ്ൻമെന്റ് മാത്രമാണെന്നുമാണ് പരിഹാസങ്ങള്‍ക്കുള്ള താരത്തിന്റെ മറുപടി.
യേശുദാസോ എം.ജി. ശ്രീകുമാറോ ആകാൻ തനിക്കു കഴിയില്ലെന്നാണ് ജഗദീഷ് പറയുന്നത്. അഞ്ചാം വയസില്‍ ആകാശവാണിയിലെ ഹിന്ദി ഗാനങ്ങള്‍ കേട്ടാണ് പാട്ട് പാടാൻ തുടങ്ങിയത്. അന്ന് ഞാൻ പാടുന്നത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ...ജഗദീഷ് പറയുന്നു.
"ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന് എപ്പോഴും പറയുന്നത്. അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന് ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി", ജഗദീഷ് പറഞ്ഞു.